Current Date

Search
Close this search box.
Search
Close this search box.

തിരുനബിയുടെ സാമൂഹിക പ്രതിബദ്ധത നമുക്ക് പ്രചോദനമാകണം : ആലിക്കുട്ടി മുസ്‌ലിയാര്‍

മുര്‍ശിദാബാദ് (പശ്ചിമബംഗാള്‍): വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സാമൂഹിക പ്രതിബദ്ധത നമുക്ക് പ്രചോദനമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. പശ്ചിമബംഗാളിലെ മുര്‍ശിദാബാദില്‍ ജാമിഅഃ നൂരിയ്യഃ നാഷണല്‍മിഷന്റെ ഭാഗമായി സംഘടിപ്പിച്ച മീലാദ് കോണ്‍ഫ്രന്‍സ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയോടെ ജീവിക്കുകയും ലോകത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത തിരുനബി സര്‍വ്വ ലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്. രാജ്യത്ത് സമാധാനം വ്യാപിക്കാനും ദേശീയോദ്ഗ്രഥനം ശക്തിപ്പെടാനും തിരുനബിയുടെ സന്ദേശങ്ങള്‍ കൂടുതല്‍ പ്രചരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സമധാന സന്ദേശത്തിന്റെ അംബാസഡറായി ജീവിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. വിദ്യഭ്യാസം, ചാരിറ്റി, റിലീഫ്, ഗൈഡന്‍സ്, സ്‌കോളര്‍ഷിപ്പ്, ദഅ്‌വാ തുടങ്ങിയ മേഖലകളില്‍ വിവിധ പരിപാടികള്‍ പശ്ചിമ ബംഗാളില്‍ ജാമിഅഃ നൂരിയ്യയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നുണ്ട്.
അബ്ദുല്‍ ഹുസൈന്‍ മുല്ല അധ്യക്ഷത വഹിച്ചു. മൗലാനാ ഖമറുസ്സമാന്‍ മുഖ്യ പ്രഭാഷണം നടത്തി, ഹാഫിള് മുഈനുദ്ദീന്‍ മുഖ്യാതിഥിയായി, അബ്ദുല്‍ ബാരി, ഇദ്‌രീസ് അലി മണ്ടേല്‍, ഖുദ്ദൂസ് അലി മണ്ടേല്‍, മൗലാനാ മുര്‍ശിദ് അലി, നൂറുല്‍ അമീന്‍ അബ്ദുല്‍ മലിക് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles