Current Date

Search
Close this search box.
Search
Close this search box.

താലിബാന് ആയുധം നല്‍കിയെന്ന ആരോപണം റഷ്യ നിഷേധിച്ചു

മോസ്‌കോ: അഫ്ഗാനിസ്താനിലെ താലിബാന് ആയുധം നല്‍കിയത് റഷ്യയാണെന്ന അമേരിക്കയുടെ ആരോപണത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. റഷ്യ താലിബാന് ആയുധം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് തന്റെ രാജ്യം അഫ്ഗാന്‍ ഭരണകൂടവുമായും താലിബാനുമായും നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താലിബാന് സായുധം നല്‍കി അഫ്ഗാനിലെ സുസ്ഥിരത തകര്‍ക്കുന്നത് മോസ്‌കോ ഭരണകൂടമാണെന്ന അമേരിക്കന്‍ നേതാക്കളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. റഷ്യ ഇക്കാര്യം നേരത്തെ നിഷേധിച്ചിട്ടുള്ള ഒന്നാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് റഷ്യക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്. അതേസമയം റഷ്യ താലിബാനെ സായുധമായി സഹായിക്കുന്ന എന്ന റിപോര്‍ട്ട് തള്ളിക്കളയുന്നില്ലെന്ന് അഫ്ഗാനിലെ അമേരിക്കന്‍ സൈനിക മേധാവി ജോണ്‍ നിക്കോള്‍സണും പറഞ്ഞു.
താലിബാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്റെ മുന്‍ പാകിസ്താന്‍ അംബാസഡര്‍ അബ്ദുസ്സലാം ള്വഈഫ് പറഞ്ഞു. അഫ്ഗാന്‍ ജനത സമാധാനമാണ് പ്രതീക്ഷിക്കുന്നതെന്നും അതിന് തടസ്സം നില്‍ക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമാധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് അഫ്ഗാനിലെ അധിനിവേശം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമേരിക്ക മറ്റുള്ളവരുടെ ചെലവില്‍ ഒരു പക്ഷത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണം. അമേരിക്ക സൈനിക നീക്കത്തിന് പകരം നയതന്ത്ര നീക്കമാണ് നടത്തുന്നതെങ്കില്‍ താലിബാന്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles