Current Date

Search
Close this search box.
Search
Close this search box.

താനൂര്‍;സര്‍ക്കാര്‍ ബാധ്യത നിറവേറ്റണമെന്ന് ജമാഅത്തെ ഇസ്‌ലാമി

മലപ്പുറം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഏതൊരു സര്‍ക്കാറിന്റെയും ബാധ്യതയാണെന്നും ആ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് താനൂരിലും പരിസരത്തും നടമാടുന്ന അക്രമ സംഭവങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ലയില്‍ ശക്തമായ സ്വാധീനമുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പൗരന്മാരുടെ സാധാരണ ജീവിതം അസ്വസ്ഥജനകവും ഭയവിഹ്വലവുമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ജാഗ്രതയും മുന്‍കരുതലും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ മാനുഷിക സൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും ജമാഅത്ത് സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.
സെക്രട്ടറിയറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. ഹബീബ് ജഹാന്‍, മുസ്തഫാ ഹുസൈന്‍, ഡോ.അബ്ദുന്നാസിര്‍ കുരിക്കള്‍, സി.എച്ച്. അബ്ദുല്‍ ഖാദിര്‍, ഇ.വി. അബ്ദുസ്സലാം, പി. ആലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതവും പി.ആര്‍ സെക്രട്ടറി മൂസ മുരിങ്ങേക്കല്‍ നന്ദിയും പറഞ്ഞു.

പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കെഎംസിസി
താനൂര്‍ തീരദേശ മേഖലയില്‍ പോലീസ് നടത്തിയ നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റകാരായ ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷനല്‍കണമെന്നും കെഎംസിസി ബഹ്‌റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച്താനൂര്‍ പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും, കുടുംബങ്ങള്‍ക്കുമെതിരെയാണ് പ്രധാനമായും പോലീസ് അക്രമമഴിച്ചുവിട്ടിരിക്കുന്നത്. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ നടന്ന ഈ നരനായാട്ടിന് സ്ഥലം എം.എല്‍.എ വി അബ്ദുറഹിമാന്റെയും സിപിഎം നേതാക്കളുടെയും പങ്ക് ഉണ്ട് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ പിണറായി വിജയത്തിന്റെ സന്ദര്‍ശനത്തിലും സ്വീകരണത്തിലും വ്യക്തമാണ്.
സമാധാനത്തോടെ കഴിയുന്ന പ്രദേശ വാസികളെ ഭീതിപ്പെടുത്തി കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണ് താനൂരില്‍ ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേവലം വാചക കസര്‍ത്തുകള്‍ ഒഴിവാക്കി ഇത്തരം പാര്‍ട്ടി ഗുണ്ടകള്‍ക്കെതിരെയും പോലീസിനെതിരെയും നടപടിയെടുക്കുകയാണ് വേണ്ടത്. കുറ്റക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസിനെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും കെ.എം.സി.സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
താനൂരിലെ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാനും ആവശ്യമായ സഹായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രഡിഡണ്ട് കൂടിയായ ഇക്ബാല്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ശംസുദ്ധീന്‍ വളാഞ്ചേരി, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂര്‍, ഷാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, മൗസല്‍ മൂപ്പന്‍ തിരൂര്‍, ആബിദ് ചെട്ടിപ്പടി എന്നിവര്‍ പങ്കടുത്തു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാളികാവ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.

Related Articles