Current Date

Search
Close this search box.
Search
Close this search box.

താടി വെച്ച മുസ്‌ലിം വിദ്യാര്‍ത്ഥിയെ ബോക്‌സിംഗ് മത്സരത്തില്‍ നിന്നും വിലക്കി

മുംബൈ: താടി വടിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിയെ ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുംബൈ സര്‍വകലാശാല അധികൃതര്‍ വിലക്കി. മുംബ്രയിലെ ജി.ആര്‍ പാട്ടീല്‍ കോളേജ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും, തൈകോണ്ടോ, കിക്ക് ബോക്‌സിംഗ് ദേശീയ താരവുമായ സയ്യിദ് ഇംറാന്‍ അലിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി മറൈന്‍ ലൈനിലുള്ള യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് പവലിയനില്‍ എത്തിയ ഇംറാനോട് താടി വടിച്ചില്ലെങ്കില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിക്കുകയായിരുന്നു.
മത്സരാര്‍ത്ഥികള്‍ താടിയും മീശയും വെക്കുന്നതും, ആഭരണങ്ങളും മറ്റും ധരിക്കുന്നതും വിലക്കി കൊണ്ടുള്ള ഇന്റര്‍നാഷണല്‍ അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷയന്റെ (എ.ഐ.ബി.എ) നിയമമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ‘ഓരോ മത്സരത്തിന് മുമ്പും മത്സരാര്‍ത്ഥികള്‍ ക്ലീന്‍ ഷേവ് ചെയ്യണമെന്നാണ് ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ ചട്ടം’ എന്ന് മുംബൈ യൂണിവേഴ്‌സിറ്റി കായിക വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഉത്തം കേന്ദ്രെ പറഞ്ഞു.
‘കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാന തലത്തിലും ദേശീയതലത്തിലും കിക്ക് ബോക്‌സിംഗ്, കരാട്ടെ, തൈകോണ്ടോ മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴൊന്നും പക്ഷെ എന്റെ ഈ ചെറിയ താടി ഒരു പ്രശ്‌നമായിരുന്നില്ല,’ മുംബ്രയില്‍ സ്വന്തമായി ആയോധന പരിശീലന കേന്ദ്രം നടത്തുന്ന ഇംറാന്‍ പറഞ്ഞു.
അമേച്വര്‍ ബോക്‌സര്‍മാര്‍ എ.ഐ.ബി.എ-യുടെ ചട്ടങ്ങള്‍ക്ക് വിധേയരാണെന്ന് മുന്‍ ബോക്‌സറും, അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ജെയ് കൗലി പറഞ്ഞു. ‘കിക്ക് ബോക്‌സിംഗ്, തൈകോണ്ടോ, ബോക്‌സിംഗ് എന്നിവയുടെ നിയമങ്ങള്‍ വ്യത്യസ്തമാണ്. നിയമങ്ങള്‍ അനുസരിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍, നിങ്ങള്‍ക്ക് ബോക്‌സിംഗില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.’
അമേച്വര്‍ ബോക്‌സര്‍മാര്‍ ക്ലീന്‍ ഷേവ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളപ്പോള്‍, വേള്‍ഡ് ബോക്‌സിംഗ് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ഇത്തരത്തിലുള്ള യാതൊരു നിയമവുമില്ല.

Related Articles