Current Date

Search
Close this search box.
Search
Close this search box.

താടി നിലനിര്‍ത്താന്‍ മുസ്‌ലിം കോണ്‍സ്റ്റബിള്‍ ഹൈക്കോടതിയില്‍

അഹമദാബാദ്: താടി നീക്കം ചെയ്യാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്‌ലിം പോലീസ് കോണ്‍സ്റ്റബിള്‍  ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. സര്‍ഖേജില്‍ നിന്നുള്ള 25കാരനായ സാജിദ് സാബിര്‍മിയ ശൈഖാണ് താടി നിലനിര്‍ത്തുന്നതിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാതി പരിഗണിച്ച് ജസ്റ്റിസ് സോണിയ ഗോകാനി കേസില്‍ അന്തിമതീര്‍പ്പ് കല്‍പിക്കുന്നത് ഏപ്രില്‍ 25ലേക്ക് നീട്ടിവെച്ചു. 2016 മാര്‍ച്ചിലാണ് അദ്ദേഹം ലോക് രക്ഷക്ദള്‍ വിഭാഗത്തില്‍ സേവനത്തിനായി ചേര്‍ന്നത്. ആദ്യ ഒമ്പത് മാസം താടിവെച്ചതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എതിര്‍പ്പൊന്നും രേഖപ്പെടുത്തിയിരുന്നില്ല എന്നും എന്നാല്‍ മൂന്ന് മാസം മുമ്പ് താടി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് വിവരിച്ചു.
മതമനുസരിച്ച് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് താടിയെന്ന് ശൈഖ് മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കുലര്‍ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ വാദം തള്ളുകയാണ് മേലുദ്യോഗസ്ഥര്‍ ചെയ്തത്. ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവനുവദിക്കുകയുള്ളൂ എന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞതായും റിപോര്‍ട്ട് സൂചിപ്പിച്ചു. താടി ഉപേക്ഷിക്കാത്ത കാരണത്താല്‍ ഡ്യൂട്ടി ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും ശൈഖ് പറഞ്ഞു.
നിലവിലെ വ്യവസ്ഥ പ്രകാരം ഒരു ട്രെയിനി എന്ന നിലയില്‍ ശൈഖിന് ഇക്കാര്യത്തില്‍ ഇളവനുവദിക്കാനാവില്ലലെന്നും ഹജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് താടി വെക്കാമെന്നും ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ആര്‍.ജെ. സവാനി പറഞ്ഞു. സാധാരണ പ്രൊബേഷന്‍ കാലാവധി കഴിഞ്ഞാല്‍ പോലീസുകാര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് താടിവെക്കാന്‍ അനുമതി നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് രക്ഷക്ദള്‍ വിഭാഗത്തില്‍ അഞ്ച് വര്‍ഷമാണ് പ്രൊബേഷന്‍ കാലാവധി.

Related Articles