Current Date

Search
Close this search box.
Search
Close this search box.

തവക്കുല്‍ കര്‍മാന്റെ അംഗത്വം അല്‍ ഇസ്‌ലാഹ് പാര്‍ട്ടി റദ്ദാക്കി

സന്‍ആ: 2011ലെ നൊബേല്‍ സമ്മാന ജേതാവും യമന്‍ ആക്റ്റിവിസ്റ്റുമായ തവക്കുല്‍ കര്‍മാന്റെ പാര്‍ട്ടി അംഗത്വം അല്‍ ഇസ്‌ലാഹ് റദ്ദാക്കി.
സൗദി അറേബ്യയും യു.എ.ഇയും യമനില്‍ അധിനിവേശം നടത്തി ആഭ്യന്തര യുദ്ധത്തിന് ശ്രമിക്കുന്നുവെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യമനിലെ നിലവിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി ബന്ധമുള്ള പാര്‍ട്ടിയാണ് അല്‍ ഇസ്‌ലാഹ്.

സന്‍ആയിലേക്ക് അതിക്രമിച്ചു കയറിയ സൗദിയുടെയും യു.എ.ഇയുടെയും സൈനിക സഖ്യം ആഗോളതലത്തില്‍ അംഗീകരിച്ച സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണെന്നാണ് കര്‍മാന്‍ ആരോപിക്കുന്നത്.  

യമനിലെ ഏകാധിപതിയായിരുന്ന പ്രസിഡന്റ് അലി അബ്ദുല്ലയെ സ്ഥാനഭ്രഷ്ടടനാക്കാനിടയായ അറബ് വസന്തത്തിന് നേതൃത്വം നല്‍കിയ തവക്കുല്‍ കര്‍മാന്‍ യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമാണ്. അറബ് വസന്തത്തിനു നേതൃത്വം നല്‍കിയതു മുന്‍നിര്‍ത്തിയാണ് 2011ലെ നൊബേല്‍ സമ്മാനം കര്‍മാനെ തേടിയെത്തിയത്.

രാജ്യത്തെ വിഭജിക്കല്‍ ലക്ഷ്യമിട്ട് യമനിലെ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന വിഘടന വാദികള്‍ക്ക് സൗദിയും യു.എ.ഇയും പിന്തുണ നല്‍കുകയാണെന്ന് നേരത്തെയും കര്‍മാന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്നാം തീയതിയും സമാനരീതിയില്‍ കര്‍മാന്‍ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പാര്‍ട്ടി അംഗത്വം റദ്ദാക്കിയത്.

1990ല്‍ വടക്കന്‍ യമനില്‍ ലയിപ്പിച്ച യമന്റെ തെക്കന്‍ പ്രദേശം സ്വതന്ത്ര രാജ്യമാക്കണമെന്നാണ് വിഘടനവാദികള്‍ ആവശ്യപ്പെടുന്നത്. അഴിമതിയുടെ കെടുകാര്യസ്ഥതയും നിറഞ്ഞ ഹാദി ഭരണകൂടം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് അബ്ദുല്ല ഹാദിയുടെ സൈന്യത്തിനെതിരെയും ഹൂതികള്‍ക്കെതിരെയും വിഘടനവാദികള്‍ യുദ്ധം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ഏദനിലെ തെക്കന്‍ തുറമുഖം ഇവര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സഹസംഘടനയാണ് ഇസ്ലാഹ് പാര്‍ട്ടി എന്നാണ് അറിയപ്പെടുന്നത്. സൗദിയും യു.എ.ഇയും ഇവയെ ഭീകര സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മുസ്ലിം ബ്രദര്‍ഹുഡുമായി അകലം പാലിച്ചിരിക്കുകയാണ് അല്‍ ഇസ്ലാഹ് പാര്‍ട്ടി.

അതേസമയം, കര്‍മാന്റെ പ്രസ്താവന പാര്‍ട്ടിയുടെ പ്രതികരണമല്ലെന്നും അത് പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളുമായും യോജിക്കുന്നവയല്ലെന്നും പാര്‍ട്ടി തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. അതിനാല്‍ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവരുടെ അംഗത്വം മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇസ്ലാഹ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ സൗദിയുടെയും യു.എ.ഇയുടെയും തടവുകാരും അടിമകളുമാണെന്നും നേരത്തെ കര്‍മാന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

 

Related Articles