Current Date

Search
Close this search box.
Search
Close this search box.

തന്റെ ജീവന്‍ അപകടത്തിലാണെന്ന് മുഹമ്മദ് മുര്‍സി

കെയ്‌റോ: തനിക്കെതിരെയുള്ള അതിക്രമങ്ങള്‍ ജീവന്‍ അപകടത്തിലാക്കിയേക്കുമോ എന്നാശങ്കയുള്ളതായി ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഭരണകൂട റിപോര്‍ട്ടിനെയും അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ ദിവസം ജയില്‍ ഭേദന കേസിന്റെ പുനര്‍വിചാരണക്കിടെ സംസാരിക്കാന്‍ അവസരം നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനൊപ്പം മറ്റ് 26 പേര്‍ കൂടി ഈ കേസില്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട്. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നതിനായി കേസ് അടുത്ത വ്യാഴാഴ്ച്ചയിലേക്ക് നീട്ടിവെക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു.
തടവറയില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് അദ്ദേഹം വിധേയനാക്കപ്പെടുന്നുണ്ടെന്നും അതിനെ തുടര്‍ന്ന് ജൂണ്‍ 5,6 തിയ്യതികളില്‍ പൂര്‍ണ ബോധരഹിതനായതായും മുര്‍സി പറഞ്ഞതായി കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്റെ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞു. ഇക്കാര്യം അഭിഭാഷകരെ ധരിപ്പിക്കാന്‍ അവരുമായി കൂടിക്കാഴ്ച്ച നടത്താനുള്ള ആവശ്യവും മുര്‍സി ഉന്നയിച്ചിട്ടുണ്ട്. മുര്‍സിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കോടതിയില്‍ സമര്‍പിച്ചിരിക്കുന്ന റിപോര്‍ട്ടില്‍ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവിക്കുന്നില്ലെന്നാണ് കാണിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഷുഗറും മുര്‍സി നേരത്തെ തന്നെ അനുഭവിക്കുന്ന പ്രശ്‌നമാണെന്നുമാണ് ജയില്‍ക്ഷേമ വകുപ്പ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജീവന്‍ അപകടത്തിലാക്കും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് തടവറയില്‍ മുര്‍സി വിധേയനാക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷക സമിതി അധ്യക്ഷന്‍ അബ്ദുല്‍ മുന്‍ഇം മഖ്‌സൂദ് പറഞ്ഞു. അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച്ച നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ കേസിന്റെ ബുധനാഴ്ച്ച നടന്ന വിചാരണ വേളയില്‍ തടവറിയില്‍ വെച്ച് താന്‍ ബോധരഹിതനായ കാര്യം കോടതിയെ അറിയിച്ചിരുന്നുവെന്നും അബ്ദുല്‍ മുന്‍ഇം സൂചിപ്പിച്ചു.

Related Articles