Current Date

Search
Close this search box.
Search
Close this search box.

തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫലസ്തീനില്‍ സമ്പൂര്‍ണ പണിമുടക്ക്

വെസ്റ്റ്ബാങ്ക്: ഇസ്രയേല്‍ അധിനിവേശ ജയിലുകളില്‍ നിരാഹാര സമരം തുടരുന്ന ആയിരത്തി അഞ്ഞൂറിലേറെ ഫലസ്തീന്‍ തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ ഇന്ന് (തിങ്കള്‍) പരിപൂര്‍ണ പണിമുടക്ക് നടക്കുന്നു. തടവുകാരുടെ നിരാഹാരം 36 ദിവസം പിന്നിടുന്ന വേളയിലാണിത്. പണിമുടക്കിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫലസ്തീന്‍ തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ വേദിയും ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്ബുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി തടവുകാര്‍ നടത്തുന്ന പോരാട്ടത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിക്കാനും സമിതി പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരാഹാരത്തില്‍ കഴിയുന്ന തടവുകാരുടെ അവസ്ഥ അങ്ങേയറ്റം അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും നിരവധി തടവുകാരെ ഇസ്രയേല്‍ ജയില്‍ അധികൃതര്‍ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. നിരാഹാര സമരം മുന്നോട്ടു പോകും തോറും കൂടുതല്‍ ഫലസ്തീന്‍ തടവുകാര്‍ അതില്‍ ചേര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles