Current Date

Search
Close this search box.
Search
Close this search box.

തടവുകാരെ അവഹേളിക്കുന്ന പരസ്യം; പിസ്സ ഹട്ട് കമ്പനി ഖേദം പ്രകടിപ്പിച്ചു

തെല്‍അവീവ്: അന്താരാഷ്ട്ര കമ്പനിയായ പിസ്സ ഹട്ടിന്റെ ഇസ്രയേല്‍ ശാഖ ഫേസ്ബുക്ക് പേജില്‍ ഫലസ്തീന്‍ തടവുകാരുടെ നിരാഹാരത്തെ പരിഹസിച്ചു കൊണ്ട് നല്‍കിയ പരസ്യത്തിന്റെ പേരില്‍ കമ്പനി ഖേദപ്രകടനം നടത്തി. ആഗോളതലത്തില്‍ തന്നെ കമ്പനിയെ ബഹിഷ്‌കരിക്കാന്‍ സ്പാനിഷ് ആക്ടിവിസ്റ്റ് മേരി ഫെര്‍ണാണ്ടസ് ആഹ്വാനം ചെയ്ത പശ്ചാത്തലതത്തിലാണ് ഖേദപ്രകടനം. ഹീബ്രു ഫേസ്ബുക്ക് പേജില്‍ വന്നിട്ടുള്ള പരസ്യം ഒരു വ്യക്തിയുടെ മാത്രം പ്രവര്‍ത്തനമാണെന്നും അത് ശ്രദ്ധയില്‍ പെട്ടയുടന്‍ നീക്കം ചെയ്തിട്ടുണ്ടെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രയേല്‍ പേജില്‍ വന്നിട്ടുള്ള പരസ്യം തീര്‍ത്തും അനുചിതമാണെന്നും അന്താരാഷ്ട്ര കമ്പനിയുടെ മൂല്യങ്ങളെയല്ല അത് പ്രതിനിധീകരിക്കുന്നതെന്നും പ്രസ്താവന പറഞ്ഞു. ഇസ്രയേലിന്റെ പരസ്യ ഏജന്റുമായുള്ള ബന്ധം കമ്പനി അവസാനിപ്പിച്ചതായും അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
‘നിരാഹാരം അവസാനിപ്പിക്കാന്‍ താങ്കള്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍, പിസ്സയായിരുന്നില്ലേ കൂടുതല്‍ നല്ലത്’ എന്ന അടിക്കുറിപ്പോടെ ഇസ്രയേല്‍ ജയിലില്‍ നിരാഹാരത്തില്‍ കഴിയുന്ന ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥി രഹസ്യമായി ആഹാരം കഴിക്കുന്ന ചിത്രമാണ് കമ്പനിയുടെ ഇസ്രയേല്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഫലസ്തീന്‍ തടവുകാരെ അങ്ങേയറ്റം അവഹേളിക്കുന്ന പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കമ്പനിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും പലയിടത്തും നിന്നും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഖേദപ്രകടനവുമായി കമ്പനി രംഗത്ത് വന്നിട്ടുള്ളത്.

Related Articles