Current Date

Search
Close this search box.
Search
Close this search box.

തടവുകാരുമായുള്ള ചര്‍ച്ചയില്‍ ബര്‍ഗൂഥി പാടില്ലെന്ന വ്യവസ്ഥയുമായി ഇസ്രയേല്‍

വെസ്റ്റ്ബാങ്ക്: ഇസ്രയേല്‍ ജയില്‍ അധികൃതര്‍ക്കും നിരാഹാരത്തില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. എന്നാല്‍ നിരാഹാര സമരത്തിന് നേതൃത്വം നല്‍കുന്ന ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയെ ചര്‍ച്ചയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ഇസ്രയേല്‍ ഉപാധി വെച്ചതായും നിരാഹാരമനുഷ്ഠിക്കുന്ന തടവുകാരുടെ മാധ്യമ വിഭാഗം പറഞ്ഞു. അതേസമയം ബര്‍ഗൂഥിയെ മാറ്റി നിര്‍ത്താനാവില്ലെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് കദൂറ ഫാരിസ് വ്യക്തമാക്കി.
നിരാഹാരത്തിന് നേതൃത്വം നല്‍കുന്ന തടവുകാരെ ഇസ്രയേല്‍ ജയില്‍ അധികൃതര്‍ ഒരു ജയിലില്‍ നിന്നും മറ്റൊന്നിലേക്ക് നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും റിപോര്‍ട്ട് വിശദമാക്കി. അതിന്റെ ഭാഗമായി ഇസ്രയേല്‍ ജയിലിലെ ഏറ്റവും പഴക്കമുള്ള തടവുകാരന്‍ കരീം യൂനുസിനെ ‘ജലബ’യിലെ ഏകാന്ത തടവറില്‍ നിന്നും ‘ജില്‍ബൂനി’ലെ ഏകാന്ത തടവിലേക്ക് മാറ്റിയിട്ടുണ്ട്. നിശ്ചലമായ മൃതദേഹങ്ങളായി മാറിയാലും വിജയം വരെ തടവുകാര്‍ നിരാഹാരം തുടരുമെന്ന് കരീം യൂനുസ് പറഞ്ഞു.
കടുത്ത വംശീയ പ്രചാരണങ്ങള്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും രോഗികളും അടക്കമുള്ള ആയിരങ്ങളെ തടവിലാക്കിയിരിക്കുന്ന ഇസ്രയേല്‍ നടപടി അന്താരാഷ്ട്ര സമൂഹം ഇടപെടണ്ടേ കാര്യമാണെന്ന് ഫലസ്തീന്‍ ഭരണകൂടത്തിന്റെ വക്താവ് താരിഖ് രിശ്മാവി പറഞ്ഞു. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ തടവുകാരുടെ പൂര്‍ണമായ നിരാഹാരം അതിന്റെ 14ാം ദിവസം അപകടാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അറബ് ലീഗിലെ ഫലസ്തീന്‍ പ്രതിനിധി ജമാല്‍ ശുബ്കി പറഞ്ഞു. അവരുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ അറബ് ലീഗ് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെടുമെന്നും അറബ് ഭരണകൂടങ്ങളെയും സംവിധാനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് അറബ് – മുസ്‌ലിം നീക്കം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles