Current Date

Search
Close this search box.
Search
Close this search box.

തടവുകാരുടെ കാര്യത്തില്‍ ഇസ്രയേലിന് ഫലസ്തീന്‍ ഗ്രൂപ്പുകളുടെ താക്കീത്‌

ഗസ്സ: ഇസ്രയേല്‍ ജയിലിലെ ഫലസ്തീന്‍ തടവുകാരില്‍ ആര്‍ക്കെങ്കിലും വല്ല ദോഷവും സംഭവിച്ചാല്‍ തങ്ങള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. എല്ലാ മാര്‍ഗങ്ങളിലൂടെയും ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാനും ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ 32 ദിവസമായി ഇസ്രയേല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിരോധ ഗ്രൂപ്പുകള്‍ ഗസ്സയിലെ സറായാ സ്‌ക്വയറില്‍ പ്രതിഷേധ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. അവിടെ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് തടവുകാരുടെ കാര്യത്തില്‍ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
ഫലസ്തീന്‍ ജനങ്ങളെയും അവരിലെ തടവുകാരെയും വധിക്കാന്‍ ഇസ്രേയല്‍ ശ്രമിച്ചാല്‍ തങ്ങള്‍ക്ക് അവരുടെ മുതുകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും തിരിച്ചടിക്കാനുള്ള നിരവധി വഴികളുണ്ടെന്നും അവ സജ്ജമാണെന്നും ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. സമാധാനപരമായ നീക്കങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ ശത്രുവുമായി അവര്‍ക്ക് നന്നായി മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും അവര്‍ താക്കീതിന്റെ സ്വരത്തില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച്ച ദിവസം തടവുകാര്‍ക്ക് വേണ്ടിയുള്ള രോഷപ്രകടനത്തിന്റെ ദിനമായി ആചരിക്കാന്‍ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഫലസ്തീന്‍ തടവുകാരുടെ പ്രശ്‌നം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഐക്യദാര്‍ഢ്യം നേടുന്നതിനും ഞായറാഴ്ച്ച മുതല്‍ ബത്‌ലഹേമിലെ നേറ്റിവിറ്റി ചര്‍ച്ചിന്റെ അങ്കണത്തില്‍ സമധാനപരമായ പ്രതിഷേധ സംഗമം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തടവുകാരുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫലസ്തീന്‍ ഇസ്രയേല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഹ്വാനം.

Related Articles