Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ ഭീഷണികളെ ഇറാന്‍ ഭയക്കുന്നില്ല: ഖാംനഈ

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളികളെ ഇറാന്‍ ഭയക്കുന്നില്ലെന്ന് അതിനെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി കൊണ്ട് ഇറാന്‍ റിപബ്ലിക്കിന്റെ പരമോന്നത നേതാവ് അലി ഖാംനഈ. അമേരിക്കയുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുകയാണ് ട്രംപ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാന്‍ വ്യോമസേനാ ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്‍ വിപ്ലവത്തിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി പത്തിന് ഇറാന്‍ ട്രംപിന്റെ വെല്ലുവിളികള്‍ക്ക് മറുപടി നല്‍കുകയും അക്കാര്യത്തിലുള്ള നിലപാട് പ്രകടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ യഥാര്‍ഥ മുഖം തുറന്നു കാണിച്ചതിന് പുതിയ അമേരിക്കന്‍ പ്രസിഡന്റിനോട് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. ഇറാന്‍ പതിറ്റാണ്ടുകളായി പറഞ്ഞു കൊണ്ടിരിക്കുന്ന അവിടത്തെ രാഷ്ട്രീയവും ധാര്‍മികവും സാമ്പത്തികവുമായ നെറികേടുകള്‍ തുറന്നു കാട്ടുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. എന്നും ഖാംനഈ കൂട്ടിചേര്‍ത്തു.
ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തന്റെ മുന്‍ഗാമിയായ ബറാക് ഒബാമയില്‍ നിന്നുണ്ടായ മൃദുസമീപനം തന്റെ ഭാഗത്തു നിന്നും ഇറാനികള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം അതില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന സൂചനയാണ് വ്യാഴാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് നല്‍കിയിട്ടുള്ളത്.

Related Articles