Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ തീരുമാനത്തിനെതിരേ യു.എന്നില്‍ നടന്ന വോട്ടെടുപ്പ് യു.എസ് വീറ്റോ ചെയ്തു

ന്യൂയോര്‍ക്ക്: ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ യു.എന്നില്‍ വോട്ടെടുപ്പ് നടത്തി. എന്നാല്‍ വോട്ടെടുപ്പ് യു.എസ് തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച് എതിര്‍ത്തു. ഇതോടെ യു.എന്നില്‍ ട്രംപിന്റെ തീരുമാനത്തിനെതിരേയുള്ള പ്രമേയം പാസായില്ല. തിങ്കളാഴ്ച യു.എന്നിന്റെ ആസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് വോട്ടെടുപ്പ് നടത്തിയത്.

15 അംഗങ്ങളില്‍ 14 പേരും ട്രംപിന്റെ തീരുമാനത്തിനെതിരേ വോട്ടു ചെയ്‌തെങ്കിലും യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ വീറ്റോ ചെയ്തതോടെയാണ് പ്രമേയം തള്ളിയത്. വീറ്റോ പവറുള്ള അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പ്രമേയത്തെ എതിര്‍ത്താല്‍ യു.എന്നില്‍ പ്രമേയം പാസാകില്ല. യു.എന്നില്‍ യു.എസിന്റെ സഖ്യകക്ഷികളായ ബ്രിട്ടന്‍,ഫ്രാന്‍സ്,ഇറ്റലി,ജപ്പാന്‍,ഉക്രൈന്‍ എന്നിവരടക്കം പ്രമേയത്തെ അനുകൂലിച്ചു.  

യു.എസിന്റെയോ ട്രംപിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു പ്രമേയം തയാറാക്കിയത്. ‘ജറൂസലേമിനെ സംബന്ധിച്ച് ഈയിടെ എടുത്ത തീരുമാനത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തുന്നു’ എന്നായിരുന്നു പ്രമേയത്തില്‍ സൂചിപ്പിച്ചത്.

‘പുണ്യ നഗരമായ ജറൂസലേമിന്റെ ഘടനയിലോ,നിലവിലെ അവസ്ഥയിലോ,ജനസംഖ്യാപരമായ രൂപീകരണത്തിലോ വല്ല മാറ്റവും വരുത്താനോ നിയമപരമായ സാധുതകള്‍ നിലനില്‍ക്കുന്നില്ലെന്നും, അതിനാല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രസക്തമായ തീരുമാനത്തെത്തുടര്‍ന്ന് നടപടിയില്‍ നിന്ന് പിന്മാറണം’ ഇങ്ങനെയായിരുന്നു പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചത്. തെല്‍ അവീവില്‍ നിന്ന് യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തെയും പ്രമേയം എതിര്‍ത്തു.

‘ഇന്ന് സെക്യൂരിറ്റി കൗണ്‍സിലില്‍ ഞങ്ങള്‍ നേരിട്ടത് അപമാനമാണ്. ഇത് ഞങ്ങള്‍ മറക്കില്ല’. യു.എന്നിലെ യു.എസ് അംബാസഡറായ നിക്കി ഹാലി പറഞ്ഞു. യു.എസിന്റെ തീരുമാനത്തില്‍ ഇസ്രായേല്‍ നന്ദി അറിയിച്ചു രംഗത്തെത്തി. അതേസമയം, ഫലസ്തീനും തുര്‍ക്കിയും യു.എസിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Related Articles