Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ തീരുമാനം അമേരിക്കന്‍ ഭരണഘടനക്ക് നിരക്കാത്തത്: മുസ്‌ലിം പണ്ഡിതവേദി

ദോഹ: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിയെ ലോക മുസ്‌ലിം പണ്ഡിതവേദി അപലപിച്ചു. ‘മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം’ ആണ് അതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതവേദി സമാധാനപരമായിട്ടുള്ള സഹവര്‍ത്തിത്വത്തിന് നേരെ കടുത്ത വെല്ലുവിളിയാണ് അതുയര്‍ത്തുന്നതെന്നും മുന്നറിയിപ്പ് നല്‍കി. തീരുമാനത്തില്‍ പുനരാലോചന നടത്താനും പണ്ഡിതവേദി പ്രസ്താവന ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അമേരിക്കന്‍ ഭരണഘടനക്ക് പോലും വിരുദ്ധമാണെന്നും പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയും ജനറല്‍ സെക്രട്ടറി അലി ഖുറദാഗിയും ഒപ്പുവെച്ച പ്രസ്താവന അഭിപ്രായപ്പെട്ടു.
തീവ്രവാദ ചിന്തകള്‍ക്ക് കൂടുതല്‍ വളം വെക്കാനും ഭീകരവാദത്തിന്റെ തീ ശക്തിപ്പെടുന്നതിനുമാണ് ഈ തീരുമാനം സഹായകമാവുക. അമേരിക്ക ഇസ്‌ലാമിനും മുസ്‌ലിം രാജ്യങ്ങള്‍ക്കും എതിരെയുള്ള യുദ്ധത്തിലാണെന്ന ചിന്ത പ്രചരിപ്പിക്കപ്പെടുന്നതിനും ഈ തീരുമാനം കാരണമാകും. മാത്രമല്ല ഈ തീരുമാനം അമേരിക്കക്കും മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ വെറുപ്പ് വളര്‍ത്തുകയും അമേരിക്കയുടെ തന്നെ താല്‍പര്യങ്ങള്‍ക്ക് അത് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. എന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കി.
ഇന്നത്തെ നാഗരിക ലോകത്തിന് ഏറ്റവും ആവശ്യം ശാന്തതയാണ്. തീവ്ര ചിന്തകളെ മിതചിന്തകള്‍ക്ക് കൊണ്ട് ചികിത്സിക്കേണ്ടതുണ്ട്. അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും അഗ്നി ചര്‍ച്ചയുടെയും മിതനിലപാടുകളുടെയും ശീതളിമ കൊണ്ടല്ലാതെ കെടുത്താനാവില്ല. അതുകൊണ്ടു തന്നെ ഈ തീരുമാനം നേര്‍വിരുദ്ധമായ ദിശയിലുള്ള ഒന്നാണ്. എന്നും പ്രസ്താവന അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിനെതിരെ നിലകൊള്ളാന്‍ ഇസ്‌ലാമിക ലോകത്തോടും അവിടത്തെ ജനതകളോടും സംഘടനകളോടും പ്രസ്താവന ആഹ്വാനവും ചെയ്തു.

Related Articles