Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ ഒരു വര്‍ഷം: അമേരിക്കയില്‍ പ്രസിഡന്റിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരില്‍ കൂടുതലും സ്ത്രീകളായിരുന്നു. ട്രംപിന്റെ പരിഷ്‌കാരങ്ങളിലും നയങ്ങളിലും പ്രതിഷേധിച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ തെരുവിലിറങ്ങിയത്. സ്ത്രീകളെ പ്രാദേശിക-ദേശീയ രാഷ്ട്രീയത്തില്‍ സജീവമാക്കുക എന്നതു കൂടിയാണ് സംഘാടകരുടെ ഉദ്ദേശം.

അമേരിക്കയില്‍ സ്ത്രീകളുടെ രാഷ്ട്രീയത്തിലെ പുതിയ യുഗത്തിനാണ് കഴിഞ്ഞ ദിവസങ്ങളിലെ റാലികള്‍ തുടക്കമിട്ടതെന്ന് സംഘാടകര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രംപിനെതിരേ റാലികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

വാഷിങ്ടണ്‍, ന്യൂയോര്‍ക്, ഷികാഗോ, ഡന്‍വര്‍, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങി വിവിധ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയാണ് അരങ്ങേറിയത്. ട്രംപിന്റെ ഒരു വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും ലഭിച്ചില്ലെന്നും ലിംഗത്തിന്റെ പേരിലും നിറത്തിന്റെ പേരിലുമെല്ലാം വിവേചനമായിരുന്നെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

2018 ഇത്തരം പോരാട്ടത്തിനുള്ള വലിയ തുടക്കമാണെന്നും ലൈംഗിക അതിക്രമത്തിനും വിവേചനത്തിനും തുല്യാവകാശത്തിനായുമുള്ള പോരാട്ടങ്ങള്‍ക്കാണ് തുടക്കമായതെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിനെല്ലാം മാറ്റം വരുത്താനാണ് തങ്ങളുടെ ശ്രമമെന്നും അവര്‍ പ്രതീക്ഷയര്‍പ്പിച്ചു. പിങ്ക് തൊപ്പി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിനു മുന്നിലും പ്രതിഷേധിച്ചു.

 

 

Related Articles