Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ മിത ഇസ്‌ലാമിലേക്ക് മടങ്ങുകയാണ്: സൗദി കിരീടാവകാശി

റിയാദ്: ഇസ്‌ലാമിന്റെ മിത-മധ്യമ നിലപാടിലേക്ക് മടങ്ങുകയാണ് തന്റെ രാഷ്ട്രമെന്നും തീവ്രവാദ ചിന്തകളുടെ ആളുകള്‍ അധികം വൈകാതെ തകര്‍ക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. റിയാദില്‍ സംഘടിപ്പിക്കപ്പെട്ട ഭാവി നിക്ഷേപക ഫോറത്തില്‍ (Future Investment Initiative) സംസാരിക്കുകയായിരുന്നു അദ്ദേഹം. 1979ന് (ഇറാന്‍ ഇസ്‌ലാമിക വിപ്ലവത്തെ കുറിച്ച സൂചനയോടെ) മുമ്പുണ്ടായിരുന്ന പോലെയല്ല സൗദിയും പ്രദേശവും. പല കാരണങ്ങളാലും 1979ന് ശേഷം നവോത്ഥാന പദ്ധതികള്‍ക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്. മുമ്പ് നാം ഈ അവസ്ഥയില്‍ ആയിരുന്നില്ല. നാം നേരത്തെ ഉണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. അതായത് ലോകത്തോടും മുഴുവന്‍ മതങ്ങളോടും എല്ലാ പൈതൃകങ്ങളോടും ജനതകളോടും തുറന്ന സമീപനം സ്വീകരിക്കുന്ന മിതവും മധ്യമവുമായ ഇസ്‌ലാമിലേക്കാണത്. സൗദി ജനതയുടെ എഴുപത് ശതമാനം മുപ്പത് വയസ്സില്‍ താഴെയുള്ളവരാണ്. തീവ്രവാദ ചിന്തകളെ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ ജീവിതത്തിലെ മറ്റൊരു 30 വര്‍ഷം ഇനി നഷ്ടപ്പെടുത്താനാവില്ലെന്ന് ഞാന്‍ തുറന്നു പറയുകയാണ്. തീവ്രവാദികളെ നാം ഉടന്‍ നശിപ്പിക്കും. എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ബിസിനസുകാരെയും മാധ്യമ പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് കിരീടാവകാശിയുടെ വാക്കുകളെ സ്വീകരിച്ചത്. നമ്മുടെ നേരായ ദീനിനെയും നമ്മുടെ നല്ല ആചാരങ്ങളെയും രീതികളെയും പ്രതിഫലിപ്പിച്ചും ലോകത്തോട് സഹവര്‍ത്തിത്തോടെ ഇടപെട്ടും നമ്മുടെ നാടിന്റെയും ലോകത്തിന്റെയും പുരോഗതിയില്‍ പങ്കാളിത്തം വഹിച്ചും സാധാരണ ജീവിതം നയിക്കാനാണ് നാം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഘട്ടത്തില്‍ ഈ രംഗത്ത് ഒട്ടേറെ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും അവശേഷിക്കുന്ന തീവ്രവാദത്തിന്റെ കഥ അടുത്ത് തന്നെ കഴിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles