Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ല: ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: രാജ്യത്തിന്റെ വിദേശകാര്യ നയങ്ങളിലുള്ള ഇടപെടലുകള്‍ അംഗീകരിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. ഖത്തറിനും ചില അറബ് രാഷ്ട്രങ്ങള്‍ക്കുമിടയിലുണ്ടായിരിക്കുന്ന വിയോജിപ്പുകള്‍ പ്രദേശത്തിന്റെ ഒന്നടങ്കം സുസ്ഥിരതക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ വിദേശകാര്യ നയത്തിലുള്ള സ്വാതന്ത്ര്യത്തില്‍ അലംഭാവം കാണിക്കുകയുമില്ല. ശത്രു രാജ്യങ്ങളില്‍ നിന്നു പോലും ഖത്തര്‍ ഇത്തരത്തിലുള്ള ഒരു അതിക്രമം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തറുമായി ബന്ധം വിച്ഛേദിച്ച രാഷ്ട്രങ്ങളുടെ ആവശ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും തങ്ങള്‍ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും ഖത്തര്‍ മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള സൈനികമായ നീക്കം പ്രതീക്ഷിക്കുന്നില്ലെന്നും ഖത്തര്‍ സൈന്യത്തിന്റെ വ്യന്യാസത്തില്‍ പ്രത്യേകമ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. തുര്‍ക്കി സൈനികര്‍ ഖത്തറിലെത്തുന്നത് പ്രദേശത്തിന്റെ മൊത്തം സമാധാനത്തിന് വേണ്ടിയാണെന്നും ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന്റെ ദൗത്യത്തില്‍ പ്രത്യേക മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Related Articles