Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ആരുടെയും രക്ഷാകര്‍തൃത്വം അംഗീകരിക്കില്ല: ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: ഖത്തറിന് മേല്‍ രക്ഷാകര്‍തൃത്വം അടിച്ചേല്‍പ്പിക്കാനുള്ള യാതൊരു വിധ ശ്രമങ്ങളെയും അംഗീകരിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ രാജ്യവുമായുള്ള ബന്ധം വിച്ഛേദിച്ചത് സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരന്‍മാരുടെയും രാജ്യത്ത് വസിക്കുന്നവരുടെയും നിത്യജീവിതത്തെയും നിലവില്‍ നടന്നു കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കേണ്ടതുമായ പദ്ധതികളെയും പ്രതിസന്ധികള്‍ ബാധിക്കാതിരിക്കാന്‍ വേണ്ട നയതന്ത്ര പരിപാടി മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഏത് രാഷ്ട്രീയ സാഹചര്യത്തിലും സ്വന്തം കാലില്‍ നിലകൊള്ളുകയെന്ന ദേശീയ കാഴ്ച്ചപ്പാട് സാക്ഷാല്‍കരിക്കാനാണ് ഖത്തര്‍ ഭരണകൂടം ശ്രമിക്കുന്നത്. ഖത്തറിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രനേതാക്കളെ അവഹേളിക്കുന്നതടക്കമുള്ള അഭൂതപൂര്‍വമായ വിദ്വേഷ പ്രചരണമാണ് നടന്നത്. എന്നാല്‍ അതേരീതിയില്‍ അതിനോട് പ്രതികരിക്കുന്നതിന് പകരം യുക്തിയോടെയാണ് ദോഹ ഭരണകൂടം വിഷയത്തെ കൈകാര്യം ചെയ്തത്. എന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത് അമീര്‍ സ്വബാഹ് അഹ്മദ് സ്വബാഹിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് നീട്ടിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിയിട്ട് അഭിസംബോധന ചെയ്യാനായിരുന്നു നേരത്തെ ഖത്തര്‍ അമീര്‍ നിശ്ചയിച്ചിരുന്നത്.

Related Articles