Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളെ എളുപ്പത്തില്‍ വിഴുങ്ങാനാവില്ലെന്ന് ഇറാനോട് മക്ക ഗവര്‍ണര്‍

മക്ക: തന്റെ രാജ്യം ‘എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുള’യല്ലെന്നും അതിന്റെ ഭൂപ്രദേശങ്ങളെ ഉന്നംവെക്കുന്നവരെ ‘എല്ലാ അക്രമികളെയും വിറപ്പിക്കുക തന്നെ ചെയ്യു’മെന്നും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് ഫൈസല്‍ വ്യക്തമാക്കി. ഇറാന്‍ നേതാക്കളെ അവരുടെ വഴികേടില്‍ നിന്നും അറബികളായ മുസ്‌ലിം സഹോദരങ്ങള്‍ക്കെതിരെയുള്ള തെറ്റായ സമീപനങ്ങളില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മക്ക ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. സൗദി ടെലിവിഷന്‍ പത്രസമ്മേളനം സംപ്രേഷണം ചെയ്തിരുന്നു.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഈ വിശുദ്ധ മണ്ണിനെയോ ഹജ്ജിനെയോ വിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ഈ യാത്രയുമായി ബന്ധമില്ലാത്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ചിഹ്നങ്ങള്‍ക്കും ദുരുപയോഗപ്പെടുത്തുന്നത് ഞങ്ങള്‍ അംഗീകരിക്കുകയുമില്ല. മുസ്‌ലിംകളുടെ ഗുണത്തിന് വേണ്ടിയാണ് ഹജ്ജിനെ രാഷ്ട്രീയ വല്‍കരിക്കുന്നത് തടയുന്നത്. എല്ലാ രാഷ്ട്രീയ ധാരകള്‍ക്കും അവരുടെ മുദ്രാവാക്യം വിളിക്കാനും പ്രകടനം നടത്താനും ഞങ്ങള്‍ അനുവാദം നല്‍കിയാല്‍ പിന്നെ എങ്ങിനെയാണ് ആളുകള്‍ ഹജ്ജ് നിര്‍വഹിക്കുക? എന്നും ഹജ്ജിനെ ദുരുപയോഗപ്പെടുത്താനുള്ള ഇറാന്‍ ശ്രമങ്ങളെ കുറിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. ഇറാനില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിച്ച ആരെയും അവര്‍ക്ക് ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും അടുത്ത വര്‍ഷം ഇറാനില്‍ നിന്നുള്ള ഹാജിമാരെ സ്വീകരിക്കുമെ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
ഇറാന്‍ ഭരണകൂടത്തിനും നേതൃത്വത്തിനുമുള്ള എന്റെ സന്ദേശം അവരുടെ വഴികേടില്‍ നിന്നും ഇറാഖിലെയും സിറിയയിലെയും അറബികളായ മുസ്‌ലിം സഹോദരങ്ങള്‍ക്കെതിരെയുള്ള തെറ്റായ സമീപനങ്ങളില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് അല്ലാഹുവോട് ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നതാണ്. ഞങ്ങളോടു യുദ്ധം ചെയ്യാന്‍ സൈന്യത്തെ ഒരുക്കുകയാണ് അവര്‍ ചെയ്യുന്നതെങ്കില്‍ എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഒരു ഉരുളയല്ല ഞങ്ങളെന്ന് അവര്‍ മനസ്സിലാക്കട്ടെ. എല്ലാ അക്രമിയെയും ഞങ്ങള്‍ വിറപ്പിക്കും. ഈ വിശുദ്ധ മണ്ണിന്റെയും നാടിന്റെയും സംരക്ഷണത്തില്‍ ഞങ്ങള്‍ ഒട്ടും അമാന്തിക്കുകയില്ല. ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവശേഷിക്കെ അതിലെ ഒരു ചാണ്‍പോലും കളങ്കപ്പെടുത്താന്‍ ആവില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles