Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടമാണ് അലപ്പോയിലേത്: നസ്‌റുല്ല

ബൈറൂത്ത്: ലബനാന്‍ ഹിസ്ബുല്ലയെ സംബന്ധിച്ചടത്തോളം അതിന്റെ ഏറ്റവും വലിയ പോരാട്ടമാണ് സിറിയയിലെ അലപ്പോയില്‍ നടക്കുന്നതെന്ന് ഹിസ്ബുല്ല ജനറല്‍ സെക്രട്ടറി ഹസന്‍ നസ്‌റുല്ല. ജൂണ്‍ മാസത്തിലെ പോരാട്ടത്തില്‍ തങ്ങളുടെ 26 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും അദ്ദേഹം അംഗീകരിച്ചു. ഹിസ്ബുല്ല സൈനിക നേതാവ് മുസ്തഫ ബദ്‌റുദ്ദീന്‍ സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ നാല്‍പതാം ദിനത്തോടനുബന്ധിച്ച് നടത്തിയ അഭിസംബോധനയില്‍ അലപ്പോയില്‍ പോരാളികളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ ഹാജരാവാനാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്, കാരണം തന്ത്രപ്രധാനമായ വലിയ പോരാട്ടം അലപ്പോയിലേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ സിറിയയെയും പ്രതിരോധിക്കാനുള്ളതാണ് അലപ്പോയിലെ പോരാട്ടം. വിദേശ പോരാളികളെ ഇറക്കി ഈ രാജ്യത്തെ തകര്‍ക്കാനുള്ള പ്രാദേശികവും വൈദേശികവുമായ പദ്ധതികളെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അവസാന ഘട്ടത്തില്‍ സിറിയയില്‍ പോരാട്ടം ശക്തിപ്പെട്ടിരുന്നുവെന്നും വെടിനിര്‍ത്തല്‍ കൊണ്ട് സായുധ പ്രതിപക്ഷ ഗ്രൂപ്പുകള്‍ പ്രയോജനമെടുക്കുകയായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സിറിയന്‍ ഭരണകൂടത്തിന്റെ പ്രധാന സഖ്യകക്ഷിയാണ് ഹിസ്ബുല്ല. 2013 മുതല്‍ സിറിയന്‍ സായുധ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അവര്‍ പരസ്യമായി രംഗത്തുണ്ട്. സിറിയയിലെ യുദ്ധത്തില്‍ നേതാക്കളടക്കം നൂറുകണക്കിന് ഹിസ്ബുല്ല ഘടകങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles