Current Date

Search
Close this search box.
Search
Close this search box.

ജൂത മതത്തിന് മസ്ജിദുല്‍ അഖ്‌സയുമായി ബന്ധമില്ല: യുനെസ്‌കോ

പാരീസ്: ജൂത മതത്തിന് മസ്ജിദുല്‍ അഖ്‌സയുമായോ ബുറാഖ് മതിലുമായോ യാതൊരു ബന്ധവുമില്ലെന്ന് യുനെസ്‌കോ. വ്യാഴാഴ്ച്ച പാരീസില്‍ ചേര്‍ന്ന യുനെസ്‌കോ യോഗമാണ് ഇക്കാര്യം അംഗീകരിച്ചത്. അതേസമയം ഖുദ്‌സുമായുള്ള (ജറൂസലേം) ജൂതബന്ധം ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ തീരുമാനമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
അള്‍ജീരിയ, ഈജിപ്ത്, ലബനാന്‍, മൊറോക്കോ, ഒമാന്‍, ഖത്തര്‍, സുഡാന്‍ എന്നീ ഏഴ് അറബ് രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച പ്രമേയത്തെ അനുകൂലിച്ച് 24 രാഷ്ട്രങ്ങള്‍ വോട്ടു രേഖപ്പെടുത്തി. അതേസമയം ആറ് രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയും 26 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. മസ്ജിദുല്‍ അഖ്‌സയുടെ സംരക്ഷണ ചുമതല ജോര്‍ദാന്‍ ഔഖാഫിന് മാത്രമായി പരിമിതപ്പെടുത്തുന്ന 2000 സെപ്റ്റംബര്‍ വരെ നിലനിന്നിരുന്ന അവസ്ഥ നിലനിര്‍ത്തണമെന്നും പ്രമേയം ഇസ്രയേലിനോട് ആവശ്യപ്പെടുന്നു. ഇസ്‌ലാമിക് ഔഖാഫിന്റെ കീഴിലുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള ഇസ്രയേല്‍ കയ്യേറ്റങ്ങളെയും അനധികൃത പ്രവര്‍ത്തനങ്ങളെയും പ്രമേയം ശക്തമായി അപലപിക്കുന്നുണ്ട്.
അധിനിവേശത്തെ സംരക്ഷിക്കുകയും അരാജകത്വത്തിനും അസ്ഥിരതക്കു കാരണമാവുകയും ചെയ്യുന്ന നയത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ലെന്ന സന്ദേശമാണ് യുനെസ്‌കോയുടെ ഈ പ്രമേയം നല്‍കുന്നതെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബൂറദീന വ്യക്തമാക്കി. അധിനിവേശം അവസാനിപ്പിച്ച് ഖുദ്‌സ് തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന സുപ്രധാന സന്ദേശമാണ് ഇസ്രയേലിനത് നല്‍കുന്നതെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രമേയം റദ്ദാക്കാനും അതിന്റെ ഭാഷ മയപ്പെടുത്താനും ഇസ്രേയല്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഏതാനും രാഷ്ട്രങ്ങളുടെ നിലപാട് മാറ്റാന്‍ മാത്രമാണ് അവര്‍ക്ക് സാധിച്ചത്.

Related Articles