Current Date

Search
Close this search box.
Search
Close this search box.

ജുഡീഷ്യറിയെ പ്രസിഡന്റിന്റെ വരുതിയിലാക്കുന്ന നിയമത്തില്‍ സീസി ഒപ്പുവെച്ചു

കെയ്‌റോ: ജഡ്ജിമാരുടെ പ്രതിഷേധത്തിന് ഇടവരുത്തിയ ജുഡീഷ്യല്‍ നിയമത്തില്‍ ഈജിപ്ത് പ്രസിഡന്റ്  അബ്ദുല്‍ ഫത്താഹ് സീസി ഒപ്പുവെച്ചു. നിയമസംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രസിഡന്റിന് നല്‍കുന്നതാണ് ഭേദഗതി. അത് ഭരണഘടനക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജിമാരുടെ ക്ലബ്ബ് ഭേദഗതിയെ എതിര്‍ത്തു. സീസിയുടെ ഇടപെടലിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സംഭവിച്ചില്ല.
നിയമ സംവിധാനങ്ങളുടെ മേധാവികളെ നിശ്ചയിക്കാനുള്ള അധികാരം ജുഡീഷ്യല്‍ കൗണ്‍സിലിനാണ് മുമ്പുണ്ടായിരുന്നത്. ആ തെരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ മാത്രമാണ് പ്രസിഡന്റിന് അധികാരമുണ്ടായിരുന്നത്. നിയമസംവിധാനങ്ങളുടെ മേധാവികളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം പ്രസിഡന്റിന് നല്‍കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ പുതിയ ബില്ല്.  ബില്ലനുസരിച്ച് ജുഡീഷ്യല്‍ ബോഡിയിലെ മേധാവിയെ തെരഞ്ഞെടുക്കുന്നത് ഓരോ ജുഡീഷ്യല്‍ ബോഡിയില്‍നിന്നുമുള്ള ഏറ്റവും മുതിര്‍ന്ന ഏഴംഗങ്ങള്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരിലൊരാളെയായിരിക്കും പ്രസിഡന്റ് മേധാവിയായി തെരഞ്ഞെടുക്കുക. അതോടെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമാവും.
പുതിയഭേദഗതി പ്രകാരം നിലവിലെ മേധാവിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന്റെ അറുപത് ദിവസം മുമ്പെങ്കിലും സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍  പ്രസിഡന്റിനെ അറിയിക്കല്‍ നിര്‍ബന്ധമാണ്. ഈ കാലയളവില്‍ നാമനിര്‍ദേശങ്ങള്‍ ലഭിക്കാതിരിക്കുകയോ, അല്ലെങ്കില്‍ മൂന്നില്‍ കുറഞ്ഞ നാമനിര്‍ദേശങ്ങള്‍ വരികയോ, നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് മതിയായ മാനദണ്ഢങ്ങള്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കൗണ്‍സിലിലെ മുതിര്‍ന്ന ഏഴ് അംഗങ്ങളില്‍നിന്നും ഒരാളെ പ്രസിഡന്റ്   മേധാവിയായി നിശ്ചയിക്കുന്നതാണ്. കൗണ്‍സിലിലെ ഏറ്റവും സീനിയറായ അംഗത്തെ മേധാവിയായി തെരഞ്ഞെടുക്കുന്ന രീതിയായിരുന്നു ഇതുവരെയും സ്വീകരിച്ചിരുന്നത്. ജുഡീഷ്യല്‍ സംവിധാനങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെ സംബന്ധിച്ച്  കഴിഞ്ഞ ദിവസം ഈജിപ്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.1939ല്‍ സ്ഥാപിതമായ സര്‍ക്കാറേതരകൂട്ടായ്മയായ ഈജിപ്ത് ജഡ്ജിമാരുടെ ക്ലബ്ബ്  ഈ ഭേദഗതിയെ നിരസിക്കുകയും, ഭരണഘടനക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

 

Related Articles