Current Date

Search
Close this search box.
Search
Close this search box.

ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ ആഹ്വാനം ചെയ്ത് ഹൃദ്രോഗ ദിനാചരണം

ദോഹ: ജീവിത ശൈലിയില്‍ മാറ്റം വരുത്തി മാത്രമേ ഹൃദ്രോഗം പ്രതിരോധിക്കാനാവുകയുള്ളൂവെന്നും ഓരോരുത്തരും കഴിയാവുന്ന ശാരീരിക വ്യായാമങ്ങളിലേര്‍പ്പെടണമെന്നും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം വൈസ് പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ,് ജര്‍മന്‍ ഫിറ്റ്നസ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ബോധവല്‍ക്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യായാമ മുറകള്‍ ശീലിക്കുന്നതും പ്രാഥമിക പരിചരണത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായ ആരോഗ്യ പ്രശ്നമായി ഹൃദ്രോഗം മാറിയിരിക്കുന്നുവെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഹൃദ്രോഗത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനാവുകയുള്ളൂവെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ജര്‍മന്‍ ഫിറ്റ്നസ് സെന്റര്‍ മാനേജര്‍ രജനീഷ് നായര്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോല്‍സകരാവുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസിക സമ്മര്‍ദ്ധം, കോപം മുതലായവ ലഘൂകരിക്കുക, പുകവലി നിര്‍ത്തുക, മദ്യപാനം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു.

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒ. ഷാനവാസ് ബാബു സംസാരിച്ചു. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നല്‍കുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികള്‍ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈ.ലിയില്‍ മാറ്റം വരുത്താതിരുന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Related Articles