Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല ആത്മീയത: എം.ഐ. അബ്ദുല്‍ അസീസ്

ആലുവ: ഇസ്‌ലാമിനെ വികൃതമാക്കലാണ് സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നമായ ഐ.എസിന്റെ ദൗത്യമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഇസ്‌ലാമിന്റെ ഖിലാഫത്തിനെയും രാഷ്ട്രസങ്കല്‍പത്തെയും വികലമാക്കാനുള്ള സാമ്രാജ്യത്വ ശ്രമഫലമായാണ് ഐ.എസ് ഉടലെടുത്തത്. അതിന് ഇസ്‌ലാമുമായി ബന്ധമില്ല. ഇതിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയണ്. നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഇതിനെതിരെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ‘ആത്മീയ വ്യതിചലനങ്ങള്‍ക്കും ഇസ്‌ലാമോഫോബിയക്കുമെതിരെ’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ആലുവയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയും നിര്‍ഭയ ലോകവുമാണ് ഇസ്‌ലാമിക ഖിലാഫത്ത് ഉയര്‍ത്തുന്ന മൂല്യം. അതേക്കുറിച്ച് ആരും പഠിക്കരുതെന്ന ഗൂഢലക്ഷ്യമാണ് സാമ്രാജ്യത്വത്തിന്. ഫാഷിസ്റ്റ് ശക്തികളിലൂടെ കേരളത്തില്‍ ഇതിന്റെ പതിപ്പാണ് അരങ്ങേറുന്നത്. വിഷയം സങ്കീര്‍ണമാക്കി വര്‍ഗീയ മുതലെടുപ്പിനും ശ്രമം നടക്കുന്നുണ്ട്. ചില യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ആത്മീയത ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ല. സമൂഹത്തോടും ദൈവത്തോടുമുള്ള ബാധ്യത നിറവേറ്റുന്ന ആത്മീയതയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുസ്‌ലിംമുക്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചിലര്‍ പറയുന്നു. അതിനെതിരെ കണ്ണടക്കുന്നതിലൂടെ ഇരട്ട നീതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ടതായാലും തെറ്റായ വഴിക്ക് നീങ്ങുന്ന ചെറുപ്പക്കാരെ തിരിച്ച് കൊണ്ടുവരാന്‍ മതസംഘടനകളും നേതാക്കളും ശ്രമിക്കണമെന്നും അമീര്‍ പറഞ്ഞു.
ത്രിശൂലത്തിന് പകരം പശുവിനെയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നതെന്ന് അസി. അമീര്‍ പി. മുജീബുറഹ്മാന്‍ പറഞ്ഞു. അസഹിഷ്ണുതയും അസ്പൃശ്യതയുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. വിയോജിക്കുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നു. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും അനുഭവം അതാണ്. നരേന്ദ്ര മോദിയുടെ മൗനം സാമുദായിക സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും താഴികക്കുടങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ. അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. സലീം സ്വാഗതവും കെ.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

Related Articles