Current Date

Search
Close this search box.
Search
Close this search box.

ജി.സി.സി ഉച്ചകോടിക്ക് കുവൈത്തില്‍ തുടക്കം

കുവൈത്ത് സിറ്റി: 38ാമത് ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് കുവൈത്തിലെ ബയാന്‍ പാലസില്‍ തുടക്കമായി. കഴിഞ്ഞ ആറു മാസമായി തുടരുന്ന ഖത്തര്‍ ഉപരോധമടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഗള്‍ഫ് മേഖലയിലെ സുരക്ഷയും രാഷ്ട്രീയ വെല്ലുവിളികളും നേരിടാന്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ആവശ്യമാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍സയാനി പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് ജി.സി.സി രാജ്യങ്ങളിലെ നേതാക്കന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക. ഖത്തര്‍,ബഹ്‌റൈന്‍,സൗദി അറേബ്യ,യു.എ.ഇ,കുവൈത്ത്,ഒമാന്‍ എന്നീ ആറു രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, യു.എ.ഇയും സൗദി അറേബ്യയും ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കിയതായി യു.എ.ഇ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജി.സി.സി കൂട്ടായ്മയില്‍ പെടാത്ത പുതിയ സൈനിക,വ്യാപാര പങ്കാളിത്തത്തിനുള്ള സഖ്യമാണിത്.

ഗള്‍ഫ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും പുതിയ കൂട്ടായ്മയുണ്ടാക്കിയത്. യു.എ.ഇക്കും സൗദിക്കുമിടയില്‍ പ്രതിരോധ,രാഷ്ട്രീയ,സാമ്പത്തിക,വ്യാപാര,സാംസ്‌കാരിക മേഖലകളില്‍ സഹകരണവും ഏകോപനവും കൊണ്ടുവരാനാണ് പുതിയ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും താല്‍പര്യപ്രകാരമാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പെങ്ങുമില്ലാത്ത വിധം അഭൂതപൂര്‍വ്വമായ പ്രതിസന്ധികളിലൂടെയാണ് ഗള്‍ഫ് മേഖല കടന്നു പോകുന്നത്. കഴിഞ്ഞ ജൂണ്‍ മുതലാണ് സൗദി,ബഹ്‌റൈന്‍,യു.എ.ഇ,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനതിരേ സാമ്പത്തികമായും രാഷ്ട്രീയമായും ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തറിനതിരേ തീവ്രവാദ ബന്ധമാരോപിച്ചായിരുന്നു ഉപരോധം. ഉപരോധവസാനിപ്പിക്കണമെങ്കില്‍ 13 ഇന നിര്‍ദേശങ്ങള്‍ ഖത്തര്‍ പാലിക്കണമെന്നാണ് ഈ രാജ്യങ്ങളുടെ ആവശ്യം. ഇതിനിടെയാണ് പ്രതീക്ഷ നല്‍കി ജി.സി.സി ഉച്ചകോടി കുവൈത്തില്‍ നടക്കുന്നത്.

 

Related Articles