Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ ഓണ്‍ലൈന്‍ പ്രോഗ്രാം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ ആരംഭിക്കുന്ന ദ്വിവത്സര ഓണ്‍ലൈന്‍ കോഴ്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നേരത്തേ അംഗീകാരം നല്‍കിയ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ മുഖേനയാണ് പഠിതാക്കള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്. കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് മേഖലകളിലും ഇതിനകം സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്.
വിവിധ ജില്ലകളില്‍ പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടന പരിപാടികള്‍ നടന്നു. കോഴിക്കോട് ഇടിയങ്ങരയില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂരിലെ കൊളവല്ലൂര്‍ ജമാലിയ്യ കോളേജില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരും കാസറഗോഡ് ചെറുവത്തൂരിലെ കോട്ടപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുസ്ഥഫ അശ്‌റഫി കക്കുപ്പടിയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മലപ്പുറം ജില്ലയിലെ പുത്തനഴിയില്‍ നടന്ന ചടങ്ങില്‍ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ ഫൈസി അദ്ധ്യക്ഷനായി. തൃശൂരില്‍ നടന്ന ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, സമസ്ത എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, കെ.എസ് ഹംസ, പി.ടി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഇടുക്കിയിലെ വണ്ണപുറത്ത് മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂരും കൊല്ലത്ത് അബ്ദുല്ല കുണ്ടറയും വയനാട്ടിലെ പരിയാരത്ത്  മൊയ്തു മൗലവിയും രജിസ്‌ട്രേഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നാലു സെമസ്റ്ററുകളിലായി 100 ക്ലാസുകളാണ് കോഴ്‌സിന്റെ ഭാഗമായുണ്ടാവുക. ദര്‍ശന ചാനലിലും സമസ്ത കേരള ഇസ്ലാമിക് ക്ലാസ്‌റൂം അടക്ക മുള്ള ഓണ്‍ലെന്‍ സംവിധാനങ്ങളിലും ക്ലാസ് സംപ്രേഷണം ചെയ്യും.  തെരഞ്ഞെടുക്കപ്പെട്ട സൂറത്തുകള്‍, ആയത്തുകള്‍, ഖുര്‍ആനില്‍ വന്ന ദിക്‌റുകള്‍, ദുആകള്‍, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാന കര്‍മ്മങ്ങളുടെയും വിവാഹം, കച്ചവടം, തുടങ്ങിയ ഇടപാടുകളിലെയും കര്‍മ്മ ശാസ്ത്ര പാഠങ്ങള്‍, വിശ്വാസ കാര്യങ്ങള്‍, ചരിത്രം, ശാസ്ത്രം അനുബന്ധ കാര്യങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതായിരിക്കും സിലബസ്.
 ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, പ്രവാസികള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന വിധമാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്. മദ്രസാ പ്രായം കഴിഞ്ഞ, ദീനീപഠനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കോഴ്‌സില്‍ പ്രവേശനം നല്‍കും.

Related Articles