Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമില്‍ യു.എസ് എംബസി മേയില്‍ തുറക്കും

ജറൂസലം: തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്ന യു.എസ് എംബസി ഈ വര്‍ഷം മേയില്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റാണ് ഇക്കാര്യമറിയിച്ചത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യു.എസ് എംബസി തുറക്കാനിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യു.എസ് ഇക്കാര്യമറിയിച്ചത്. ചരിത്രപരമായ കാല്‍വെപ്പെന്നാണ് അവര്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്.

നേരത്തെ പറഞ്ഞതിനെക്കാള്‍ വളരെ വേഗത്തിലാണ്  ജറൂസലേമില്‍ എംബസി തുറക്കുന്നത്. യു.എസ് എംബസി 2019ലേ തുറക്കൂവെന്ന് കഴിഞ്ഞ മാസം യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പറഞ്ഞിരുന്നു.

ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ച വേളയില്‍ തന്നെയാണ് തെല്‍ അവീവില്‍ നിന്നും യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. വിഷയത്തില്‍ യു.എന്നിലും യു.എസ് ഒറ്റപ്പെട്ടിരുന്നു. മേയ് 15 നക്ബ ദിന(ദുരന്ത ദിനം)മായിട്ടാണ് ഫലസ്തീന്‍കാര്‍ ആചരിക്കുന്നത്. ഫലസ്തീനികളെ ഇവിടെ നിന്നും പുറത്താക്കി ഇസ്രായേല്‍ രാഷ്ട്ര രൂപീകരണത്തിനെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും റാലികളുമാണ് ഫലസ്തീനില്‍ അരങ്ങേറിയിരുന്നത്.

അറബികള്‍ക്കു നേരെയുള്ള പ്രകോപനമാണ് യു.എസിന്റെ പ്രഖ്യാപനമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നനായ ലംഘനമാണെന്നും ഫലസ്തീനികള്‍ പറഞ്ഞു. ദ്വിരാഷ്ട്ര ചര്‍ച്ചക്ക് ഇത് തിരിച്ചടിയാണെന്നും അവര്‍ പറഞ്ഞു.
യു.എസിന്റെ തീരുമാനത്തില്‍ ഇസ്രായേല്‍ നന്ദി പറഞ്ഞു. 1948 മേയ് 14നാണ് ഇസ്രായേല്‍ സ്വാതന്ത്ര്യ ദിനം. അതേസമയം, പുതിയ എംബസി എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് പുറത്തുവിട്ടിട്ടില്ല. 1947നും 1949നും ഇടയില്‍ 750,000ത്തോളം ഫല്‌സതീനികളെയാണ് ഇവിടെ നിന്നും പുറത്താക്കുകയും നാടുകടത്തപ്പെടുകയും ചെയ്തത്.

 

Related Articles