Current Date

Search
Close this search box.
Search
Close this search box.

ജനുവരി വിപ്ലവത്തിന്റെ ഓര്‍മ പുതുക്കി ഈജിപ്തില്‍ വീണ്ടും പ്രകടനങ്ങള്‍

കെയ്‌റോ: സൈനിക ഭരണത്തെയും അബ്ദുല്‍ ഫത്താഹ് സീസിയുടെ ‘അടിച്ചമര്‍ത്തല്‍’ നയങ്ങളെയും വിമര്‍ശിച്ച് ഈജിപ്തിന്റെ വിവിധ നഗരങ്ങളല്‍ സൈനിക അട്ടിമറിയെ എതിര്‍ക്കുന്ന ജനങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ‘ജനുവരി 25’ വിപ്ലവത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്. അട്ടിമറി ഭരണം അവസാനിപ്പിക്കണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കൈകളാല്‍ കൊലചെയ്യപ്പെട്ട പ്രകടനക്കാരുടെ ഘാതകര്‍ക്ക് ശിക്ഷ നല്‍കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ രാജ്യം അനുഭവിക്കുന്ന പരിതാപകരമായ ജീവിത സാഹചര്യങ്ങളെയും പ്രകടനക്കാര്‍ വിമര്‍ശിച്ചു. റാബിഅ ചിഹ്നവും തടവില്‍ കഴിയുന്നവരുടെയും മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെയും ഫോട്ടോകളും പ്രകടനക്കാര്‍ കൈകളിലേന്തിയിരുന്നു.
ജയിലുകളില്‍ തടവുകാര്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വ രഹിതമായ പീഡനങ്ങളില്‍ പ്രതിഷേധിച്ച് അലക്‌സാണ്ടറിയയില്‍ തടവുകാരുടെ കുടുംബങ്ങള്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. മര്‍ദനം, ഷോക്കേല്‍പ്പിക്കല്‍, കൊടുംതണുപ്പില്‍ വസ്ത്രമില്ലാതെ നിര്‍ത്തല്‍ തുടങ്ങിയ കടുത്ത ശിക്ഷാമുറകളാണ് തടവുകാര്‍ക്കെതിരെ സ്വീകരിക്കുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കി. ബുര്‍ജുല്‍ അറബ് ജയിലധികൃതര്‍ അവിടെയുണ്ടായിരുന്ന തടവുകാരില്‍ ഭൂരിഭാഗത്തെയും അലക്‌സാണ്ടറിയയില്‍ നിന്നും അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും തടവുകാരുടെ കുടുംബങ്ങള്‍ പറഞ്ഞു.
2013 ജൂലൈ മൂന്നിന് നടന്ന അട്ടിമറിക്ക് ശേഷം ഈജിപ്ത് ഭരണകൂടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ക്കുമെതിരെ വ്യാപകമായ അറസ്റ്റ് കാമ്പയിന്‍ നടത്തിയിരുന്നു. ഈജിപ്തില്‍ ആറ് ലക്ഷത്തോളം തടവുകാരുണ്ടെന്നാണ് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. സീസി ഭരണത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ കടുത്ത ശിക്ഷകളാണ് വിധിക്കപ്പെടുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
മൂന്ന് പതിറ്റാണ്ടോളം ഈജിപ്ത് ഭരിച്ച മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് 2011 ജനുവരി 25ലെ വിപ്ലവത്തിലൂടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. അതേവര്‍ഷം തന്നെ നടന്ന തെരെഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷം മാത്രമാണ് മുര്‍സിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിയിലാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്.

Related Articles