Current Date

Search
Close this search box.
Search
Close this search box.

ജനരോഷം മറച്ചുവെക്കാന്‍ സോളിഡാരിറ്റിയെ പഴിചാരുന്നത് അപഹാസ്യം: ടി.ശാക്കിര്‍

കോഴിക്കോട്: സര്‍ക്കാരിനെതിരായ ജന രോഷത്തെ മറികടക്കാന്‍ സോളിഡാരിറ്റിയെ പഴിചാരുന്നത് അപഹാസ്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ അഭിപ്രായപ്പെട്ടു. പൊലീസ് നയത്തിലെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് നേരെ സംശയങ്ങള്‍ ഉയര്‍ത്തി വിട്ടത് കൊണ്ട് കാര്യമില്ല. ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന സമരത്തിന് സോളിഡാരിറ്റിയുടെ പിന്തുണയുണ്ട്. എന്നാല്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സോളിഡാരിറ്റിയുടെ സാന്നിധ്യമുണ്ടായിട്ടില്ല. ജനകീയ പ്രസ്ഥാനങ്ങളെ അണിനിരത്തി കൊണ്ടുള്ള സമരപരിപാടിയായിരുന്നില്ല അത്. ഡി.ജി.പി ഓഫിസിനു മുമ്പില്‍ നടന്ന സംഭവത്തിന് പിന്നില്‍ സോളിഡാരിറ്റി ആണെന്ന പോലീസ് റിപ്പോര്‍ട്ട് ദുരുദ്ദേശപരമാണ്. അതിലൂടെ ജിഷ്ണുവിന് നീതിതേടിയുള്ള സമരത്തെ പരാജയപ്പെടുത്താനും ജനകീയ പ്രസ്ഥാനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും കഴിയുമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടാകാം. സര്‍ക്കാരിന്റെ ഈ ഗുഢ നീക്കത്തെ സോളിഡാരിറ്റി ശക്തമായി അപലപിക്കുന്നു. നീതിക്കായി ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന സമരത്തിന് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്കൊപ്പം സോളിഡാരിറ്റി നിലനില്‍ക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Related Articles