Current Date

Search
Close this search box.
Search
Close this search box.

ജനകീയ പ്രക്ഷോഭം: പ്രധാനമന്ത്രിയോട് രാജിവെക്കാന്‍ ജോര്‍ദാന്‍ രാജാവ് ആവശ്യപ്പെട്ടു

അമ്മാന്‍: സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കരണത്തിനെതിരെ ജോര്‍ദാനില്‍ തുടരുന്ന ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചു. പ്രധാനമന്ത്രി രാജിവെക്കണമെന്നും പുതിയ നികുതി സമ്പ്രദായം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കിയോട് രാജിവെക്കാന്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ജോര്‍ദാനില്‍ ജനകീയ പ്രതിഷേധം തുടരുന്നത്. വിലക്കയറ്റത്തിലും നികുതി പരിഷ്‌കരണത്തിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
കഴിഞ്ഞ മാസമാണ് ഐ.എം.എഫിന്റെ പിന്തുണയുള്ള നികുതി പരിഷ്‌കരണ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. രാജ്യ തലസ്ഥാനമായ അമ്മാനിലും പ്രധാന നഗരങ്ങളിലും ക്യാബിനറ്റ് ഓഫിസിനു മുന്നിലുമെല്ലാം പ്രതിഷേധറാലി ശക്തിയാര്‍ജിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മുല്‍കി കിങ് അബ്ദുല്ലയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. 2016ലാണ് മുല്‍കി അധികാരത്തിലേറിയത്.

നിയമസഭാംഗങ്ങള്‍ ബില്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ജനങ്ങള്‍ റാലിയില്‍ മുദ്രാവാക്യമുയര്‍ത്തി. 33 ട്രേഡ് യൂണിയനുകളുടെയും വ്യാവസായിക,വാണിജ്യ സംഘടനകളും റാലിയില്‍ അണിനിരന്നു. പാര്‍ലമെന്റ് അടിയന്തിരമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചു.

 

Related Articles