Current Date

Search
Close this search box.
Search
Close this search box.

ജംഇയ്യത്തുല്‍ ഉലമക്ക് നരേന്ദ്ര മോദിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പ്രളയം ബാധിച്ച 22 ക്ഷേത്രങ്ങളും രണ്ട് മസ്ജിദുകളും വൃത്തിയാക്കിയ ജംഇയ്യത്തുല്‍ ഉലമ വളന്റിയര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഐക്യത്തിന്റെ ‘മികച്ചതും പ്രചോദനപരവുമായ’ ഉദാഹരണമാണിതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും പ്രസ്തുത വൈവിധ്യങ്ങള്‍ ആഹാരത്തിലും ജീവിത രീതിയിലും വസ്ത്രധാരണത്തിലും മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണെന്നും അദ്ദേഹം സൂചിപ്പിച്ചതായില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ മാസാന്ത റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്’ലാണ് ഇക്കാര്യം പറഞ്ഞത്. ഗുജറാത്തിലെ ബനാസ്‌കന്ദയിലെ ധനേരയിലാണ് ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകര്‍ 22 ക്ഷേത്രങ്ങളും രണ്ട് മസ്ജിദുകളും വൃത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുപ്പത് മിനുറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തില്‍ രാജ്യത്തെ വൈവിധ്യങ്ങള്‍ നിറഞ്ഞ ആഘോഷങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. വിട്ടുവീഴ്ച്ചയുടെയും അക്രമരാഹിത്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ‘സംവത്സരി’ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. ജൈന വിഭാഗക്കാരുടെ ആഘോഷമായ സംവത്സരി കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിക്കപ്പെട്ടത്.
‘ക്ഷമ വീരസ്യ ഭൂഷണം’ (ക്ഷമ ധീരന് അലങ്കാരം) എന്നാണ്. ക്ഷമിക്കുന്നവനാണ് ധീരന്‍. ക്ഷമ മഹത്തുക്കളുടെ ഗുണമാണെന്ന് ഗാന്ധി എല്ലായ്‌പ്പോഴും പറയാറുണ്ടെന്നും മോദി കൂട്ടിചേര്‍ത്തു.

Related Articles