Current Date

Search
Close this search box.
Search
Close this search box.

ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം എന്താണെന്ന് പോലും അറിയില്ല: ഉസാമ മുര്‍സി

കെയ്‌റോ: എന്ത് കുറ്റത്തിന്റെ പേരിലാണ് താന്‍ വിചാരണ ചെയ്യപ്പെടുന്നത് എന്നത് പോലും അറിയില്ലെന്ന് പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകന്‍ ഉസാമ മുര്‍സി. തന്റെ പേരിലുള്ള കേസ് എന്താണെന്ന് തന്നെ ഔദ്യോഗികമായി അറിയിക്കുകയോ അതിന്റെ ഫയല്‍ കൈമാറുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന് പുറം ലോകവുമായി സംവദിക്കാന്‍ സാധിക്കുന്നത്. നിയമത്തിന് വിരുദ്ധമായി തന്നെ സന്ദര്‍ശിക്കുന്നതിന് വരെ ഭരണകൂടം വിലക്കേര്‍പ്പെടുത്തുകയായിരുന്നു എന്നും കെയ്‌റോ ക്രിമിനല്‍ കോടതിയില്‍ ‘റാബിഅ പ്രതിഷേധം പിരിച്ചുവിടല്‍’ കേസിന്റെ വിചാരണക്കിടെ അദ്ദേഹം പറഞ്ഞു. ഏതൊരു കരുതല്‍ തടവുകാരനും അനുവദിക്കാറുള്ള അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചത് അതിനുദാഹരണമാണെന്നും ഉസാമ കൂട്ടിചേര്‍ത്തു.
അതേ കേസില്‍ സാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതിന് മുമ്പ് പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന തെളിവുകള്‍ സമര്‍പിക്കാനുള്ള അവസരം നല്‍കണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് അല്‍ബല്‍താജി കോടതിയോട് ആവശ്യപ്പെട്ടു. എഴുന്നൂറിലേറെ ആളുകളാണ് ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. സായുധമായി സംഘടിക്കാനുള്ള ഗൂഢാലോചന, റാബിഅ സ്‌ക്വയറില്‍ സായുധമായി സംഘടിക്കല്‍, റോഡ് ഉപരോധിക്കല്‍, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍, പൗരന്‍മാരെയും പ്രതിഷേധം പിരിച്ചുവിടാനെത്തിയ പോലീസുകാരെയും കൊലപ്പെടുത്തല്‍, ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ എല്ലാ ആരോപണങ്ങളെയും പ്രതികള്‍ നിഷേധിച്ചിട്ടുണ്ട്.
2013 ആഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രസിഡന്റ് മുര്‍സിക്കെതിരെ നടന്ന അട്ടിമറിക്കെതിരെ പ്രതിഷേധിക്കാന്‍ റാബിഅ സ്‌ക്വയറില്‍ സംഘടിച്ച പതിനായിരക്കണക്കിനാളുകളെ പോലീസും സൈന്യവും ചേര്‍ന്ന് ബലംപ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. ആയിരക്കണക്കിന് മുര്‍സി അനുകൂലികള്‍ അതില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles