Current Date

Search
Close this search box.
Search
Close this search box.

ചില യുവനേതാക്കള്‍ പ്രദേശത്തെ അപകടത്തിലേക്ക് നയിക്കുന്നു: ജവാദ് ളരീഫ്‌

സമര്‍ഖന്ദ്: പ്രദേശത്തെ ഗുരുതരമായ അപകടാവസ്ഥയിലേക്കാണ് ചില യുവനേതാക്കള്‍ നയിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ്. പ്രദേശത്ത് സംഘര്‍ഷം ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. അപകടകരമായ സ്ഥിതിയിലേക്ക് പ്രദേശത്തെ നയിക്കുന്ന യുവനേതാക്കള്‍ക്ക് അനിവാര്യമായ സന്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും ഉസ്‌ബെസ്‌കിസ്താനിലെ സമര്‍ഖന്ദ് നഗരത്തില്‍ വെച്ച് നടത്തിയ പ്രസ്താവനയില്‍ ഇറാന്‍ മന്ത്രി അഭിപ്രായപ്പെട്ടു. അവര്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിറിയയിലും ഇറാഖിലും ഐഎസിനെതിരെ നേടിയ വിജയങ്ങള്‍ പ്രദേശത്തെ ഗുണപരമായ മാറ്റങ്ങളാണ്. എന്നാല്‍ പ്രദേശത്തെ ചില രാഷ്ട്രങ്ങളുടെ യുക്തിരഹിതവും അപകടകരവമായ നയങ്ങള്‍ പ്രദേശത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേക്കും. ഭീകരതക്കെതിരെയുള്ള പോരാട്ടത്തിലെ നേട്ടങ്ങളില്‍ ചില ശക്തികള്‍ക്ക് അതൃപ്തിയുണ്ട്. അവയെ പരാജയപ്പെടുത്താനാണ് അവ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് പ്രദേശത്തിന് വെല്ലുവിളിയാണെന്നതിലുപരിയായി യുദ്ധത്തിന് തിരികൊളുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ക്കും വെല്ലുവിളിയാണ്. എന്നും ളരീഫ് വ്യക്തമാക്കി.
തെഹ്‌റാനെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കത്തിന് മുതിര്‍ന്നാല്‍ സൗദിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് തെഹ്‌റാനിലെ ഖതീബും അസംബ്ലി ഓഫ് എക്‌പേര്‍ട്ട്‌സ് ഫോര്‍ ലീഡര്‍ഷിപ്പ് അധ്യക്ഷനുമായ അഹ്മദ് ഖാതമി പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വെല്ലുവിളികളെ കുട്ടികളിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലബനാനിലെ സൗദി ഇടപെടലുകളെയും അദ്ദേഹം വിമര്‍ശിച്ചു. ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചത് റിയാദാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles