Current Date

Search
Close this search box.
Search
Close this search box.

ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഭീകരതയെ സഹായിക്കുകയാണ്: എര്‍ദോഗാന്‍

ഇസ്തംബൂള്‍: സുഹൃത്തുക്കളായി രംഗത്ത് വരുന്ന ചില രാഷ്ട്രങ്ങള്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഭീകരസംഘടനകളെ സഹായിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. പ്രസ്തുത രാജ്യങ്ങളുടെ ആയുധങ്ങള്‍ തുര്‍ക്കി വിരുദ്ധ സംഘടനകളുടെ പക്കല്‍ തുര്‍ക്കി സൈന്യം കണ്ടെത്തിയ കാര്യവും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയോട് ശത്രുതവെച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യരുതെന്നും ജര്‍മനിയിലെ തുര്‍ക്കിക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച ഇസ്തംബൂളില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (അക്) പാര്‍ട്ടിയുടെ കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനെതിരെ ഐ.എസ് ആക്രമണം ഉണ്ടായപ്പോള്‍ സൗഹൃദം പ്രകടിപ്പിക്കുന്ന ഈ രാഷ്ട്രങ്ങളുടെ ഭാഗത്തു നിന്നും ഒരനക്കവും ഉണ്ടായില്ലെന്നും അതുസംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെച്ചില്ലെന്നും തുര്‍ക്കി പ്രസിഡന്റ് ആരോപിച്ചു. ഒറ്റക്ക് ഐഎസിനെതിരെ പൊരുതാന്‍ തുര്‍ക്കിയെ അത് നിര്‍ബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത രാഷ്ട്രങ്ങള്‍ ഐഎസിനെതിരെ പോരാടനല്ല, പ്രദേശത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ട്ടി (PKK), ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി, പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തുടങ്ങിയവയെല്ലാം ഒരേ സംഘത്തിന്റെ വ്യത്യസ്ത പേരുകളാണെന്ന് അറിഞ്ഞിട്ടും ഈ രാഷ്ട്രങ്ങള്‍ തുര്‍ക്കിയോട് കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ഏതൊക്കെയാണ് പ്രസ്തുത രാഷ്ട്രങ്ങള്‍ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Related Articles