Current Date

Search
Close this search box.
Search
Close this search box.

ചികിത്സക്കുള്ള അനുമതി ഇസ്രായേല്‍ നിരസിച്ചതു മൂലം മരിച്ചു വീണത് 54 ഫലസ്തീനികള്‍

ജറൂസലം: മെഡിക്കല്‍ സഹായം നല്‍കാനുള്ള അനുമതി ഇസ്രായേല്‍ നിരസിച്ചതു മൂലം കഴിഞ്ഞ വര്‍ഷം മാത്രം ഫലസ്തീനില്‍ മരിച്ചു വീണത് 54 പേര്‍. ഗസ്സയിലെ ഇസ്രായേലിന്റെ ഉപരോധ മുനമ്പിലെ ആക്രമണങ്ങളില്‍ ഗുരുതര പരുക്കേറ്റ് ഉന്നത ചികിത്സക്കായി കൊണ്ടുപോകാന്‍ അനുമതി ലഭിക്കാതെ മരിച്ചവരുടെ കണക്കുകളാണിത്.

ഗസ്സ ആസ്ഥാനമായുള്ള അല്‍ മെസാന്‍ മനുഷ്യാവകാശ സംഘടന,ആംനസ്റ്റി ഇന്റര്‍നാഷണല്‍,ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങി വിവിധ സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഗസ്സ മുനമ്പില്‍ വര്‍ഷങ്ങളായി തുടരുന്ന ഇസ്രായേലിന്റെ ഉപരോധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനഗകള്‍ ആവശ്യപ്പെട്ടു. അടിയന്തിര ചികിത്സ സഹായം ആവശ്യപ്പെട്ട് നൂറുകണക്കിന് അപേക്ഷകളാണ് ഇസ്രായേലിനു മുന്നിലെത്താറുള്ളത്. എന്നാല്‍ ഇവയില്‍ പകുതി അപേക്ഷകള്‍ക്ക് മാത്രമേ അനുമതി നല്‍കാറുള്ളൂ.

25,000ത്തില്‍ അധികം അപേക്ഷയാണ് ഇതിനോടകം നല്‍കിയിട്ടുള്ളത്. ഇതില്‍ 719 പേരുടെ അപേക്ഷകള്‍ നിരസിച്ചു. സുരക്ഷ കാരണങ്ങള്‍ പറഞ്ഞാണ് അപേക്ഷ നിരസിക്കാറുള്ളത്. 11,281 പേരുടെ അപേക്ഷകള്‍ ഇപ്പോഴും അനുമതി കാത്തുകിടക്കുകയാണ്. ഇതു മൂലം ആയിരക്കണക്കിന് പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇത്രയും പേര്‍ക്ക് അടിയന്തിര ചികിത്സ സഹായം തടഞ്ഞുവെക്കുന്നതിന് യാതൊരു ന്യായീകരണവും ഇസ്രായേലിന് നല്‍കാനില്ലെന്നാണ് സംഘടനകള്‍ പറയുന്നത്.

2007ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസ് പ്രദേശത്ത് നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് ഇസ്രായേല്‍ ഗസ്സയില്‍ ഉപരോധവുമായി രംഗത്തു വന്നത്. തുടര്‍ന്ന് 2013ല്‍ ഗസ്സയുമായുള്ള അതിര്‍ത്തികള്‍ അയല്‍രാജ്യമായ ഈജിപ്ത് അടക്കുകയും ചെയ്തു. ഈജിപ്തുമായും ഇസ്രായേലുമായും ബന്ധപ്പെടാനുള്ള മറ്റു മാര്‍ഗമായ ടണലുകള്‍ക്കു നേരെയും അവര്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ പുറംലോകത്തേക്ക് കടക്കാനാവാതെ തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുകയാണ് ഗസ്സക്കാര്‍. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും യു.എന്നിന്റെയും സഹായം മാത്രമാണ് ഇവര്‍ക്കുള്ള ഏക ആശ്വാസം.  

 

Related Articles