Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചക്ക് മുമ്പ് ഖത്തറിന് മേലുള്ള ഉപരോധം ഒഴിവാക്കാനാവില്ല: ഉതൈബ

വാഷിംഗ്ടണ്‍: ഖത്തറിനെ ഉപരോധിക്കുന്ന നാല് രാഷ്ട്രങ്ങള്‍ ഖത്തറുമായി ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധത ഗള്‍ഫ് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രതിനിധി അന്തോണി സിന്നിയെ അറിയിച്ചിട്ടുണ്ടെന്ന് ‘ദി അറ്റ്‌ലാന്റിക്’ അമേരിക്കന്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് ഉതൈബ് പറഞ്ഞു. എന്നാല്‍ മുന്നുപാദികളൊന്നും ഇല്ലാതെയായിരിക്കണം അതെന്നും അദ്ദേഹം പറഞ്ഞു. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ ഉപരോധം ഒഴിവാക്കണമെന്ന ഖത്തറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അതൊരിക്കലും നടക്കില്ലെന്നും ഉതൈബ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാനുള്ള അനുരഞ്ജനത്തെ ഖത്തര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ അവയുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടിയാണത് സ്വീകരിച്ചതെന്നും ഇറാന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരരെ പൊറുപ്പിക്കുന്ന രാജ്യമാണ് ഖത്തറെന്നും യു.എ.ഇ അംബാസഡര്‍ പറഞ്ഞു. അതില്‍ 59 പേര്‍ ഉപരോധ രാഷ്ട്രങ്ങളുടെ ഭീകരപട്ടികയില്‍ ഉള്ളവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാനിലേക്ക് വീണ്ടും അംബാസഡറെ അയക്കുന്നത് സംബന്ധിച്ച ഖത്തറിന്റെ പ്രഖ്യാപനം നാല് രാഷ്ട്രങ്ങളും ഖത്തറിനെതിരെ ഉയര്‍ത്തി ആരോപണത്തെ ശക്തിപ്പെടുത്തുകയാണ്. ദോഹ-തെഹ്‌റാന്‍ സഖ്യത്തിന്റെ കാര്യത്തില്‍ വലിയ ഉത്കണ്ഠയൊന്നും അനുഭവപ്പെടുന്നില്ല. ഖത്തര്‍ അവരുടെ പ്രവര്‍ത്തനരീതി മാറ്റാന്‍ തയ്യാറായാല്‍ നാല് രാഷ്ട്രങ്ങളും അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ ഇറാന്‍, ഹമാസ്, ലിബിയയിലെയും സിറിയയിലെയും സായുധ ഗ്രൂപ്പുകള്‍ തുടങ്ങിയവയുമായുള്ള ബന്ധത്തിനാണ് ഖത്തര്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഈ രാഷ്ട്രങ്ങളുടെ സുഹൃത്തായി അതിനെ അംഗീകരിക്കാനാവില്ല. എന്നും ഉതൈബ വിശദീകരിച്ചു.
അല്‍ജസീറയുടെ സംപ്രേഷണം അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമല്ല. അല്‍ജസീറ അടച്ചു പൂട്ടണമെന്നത് ഖത്തറിന് മുന്നില്‍ വെക്കപ്പെട്ട 13 ഇന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര വിഷയങ്ങളിലെ ഇടപെടലും ഭീകരവാദവുമായി ബന്ധപ്പെട്ടതാണത്. ഇതേ ആവശ്യം 2014ലിലും ഖത്തറിന് മുമ്പില്‍ വെക്കുകയും അതവര്‍ ഒപ്പുവെക്കുകയും ചെയ്തതാണെന്നും ഉതൈബ കൂട്ടിചേര്‍ത്തു.

Related Articles