Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ തടവുകാരെ മോചിപ്പിക്കരുതെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോ തടവുകാരെ ‘അങ്ങേയറ്റം അപകടകാരികള്‍’ എന്ന് വിശേഷിപ്പിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവരെ മോചിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ”ഗ്വാണ്ടനാമോയില്‍ നിന്നും ഇനിയും തടവുകാരെ വിട്ടയക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. അങ്ങേയറ്റം അപകടകാരികളാണ് അവര്‍. യുദ്ധമുഖത്തേക്ക് അവരെ മടങ്ങാന്‍ അനുവദിക്കരുത്.” എന്നാണ് ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ബറാക് ഒബാമയെ ആദ്യ തവണ പ്രസിഡന്റ് പദത്തിലെത്തിച്ച തെരെഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനില്‍ നല്‍കിയ വാഗ്ദാനമായിരുന്നു ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്നത്. വിചാരണയില്ലാതെ തടവിലിടുന്നത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഒബാമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരവും രാഷ്ട്രീയവുമായ നിരവധി പ്രതിബന്ധങ്ങള്‍ അത് നടപ്പാക്കുന്നതിനുണ്ടായിരുന്നു. മാത്രമല്ല പ്രതിരോധ മന്ത്രാലയം അതില്‍ കാണിച്ച കാലതാമസവും കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ അംഗങ്ങളുടെ കടുത്ത എതിര്‍പ്പും അതിന് തടസ്സം സൃഷ്ടിച്ചു. എങ്കിലും ഗ്വാണ്ടനാമോ തടവുകാരുടെ എണ്ണം 59 ആയി കുറക്കാന്‍ ഒബാമക്ക് സാധിച്ചു. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് 780 പേരാണ് ഗ്വാണ്ടനാമോ തടവറയിലുണ്ടായിരുന്നത്. ജനുവരി 20 ട്രംപ് വൈറ്റ്ഹൗസില്‍ എത്തുന്നതിന് മുമ്പ് കൂടുതല്‍ തടവുകാരെ അവിടെ നിന്നും മാറ്റുന്നതിനെ കുറിച്ച് ഒബാമ ഭരണകൂടത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.

Related Articles