Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ തടവുകാരുടെ വിചാരണ നീതിയുക്തമായിരുന്നില്ല: അഭിഭാഷകര്‍

ദോഹ: ഗ്വാണ്ടനാമോ തടവുകാരുടെ വിചാരണ നീതിയുക്തമായിരുന്നില്ലെന്ന് അമേരിക്കന്‍ അഭിഭാഷകര്‍. അമേരിക്കന്‍ നിയമവും അന്താരാഷ്ട്ര നിയമവും നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണത് നടന്നിട്ടുള്ളതെന്നും അഭിഭാഷകര്‍ പറഞ്ഞു. ഗ്വാണ്ടനാമോ തടവുകാര്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക സമിതി ദോഹയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ക്കെതിരെയുള്ള തെളിവുകള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്കെതിരെയുള്ള തെളിവുകള്‍ എന്താണെന്ന് അറിയാന്‍ പോലും അവര്‍ക്കി സാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം വിചാരണകളില്‍ പാലിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും വകവെച്ചു കൊടുത്തിട്ടില്ലെന്നും അഭിഭാഷകര്‍ അറിയിച്ചു.
‘ഭീകരത’ കുറ്റം ചുമത്തപ്പെട്ട കൂടുതല്‍ തടവുകാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കുമെന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു പോകുമെന്നാണ് താന്‍ കരുതുന്നതെന്ന് അഭിഭാഷകനായ ഡേവിഡ് നവീന്‍ പറഞ്ഞു. 2001 സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി ആരോപിക്കപ്പെടുന്ന ഖാലിദ് ശൈഖ് മുഹമ്മദിന്റെ അഭിഭാഷകനാണ് നെവീന്‍. ‘ഗ്വാണ്ടനാമോ തടവറ നിലനിര്‍ത്തുമെന്നും കൂടുതല്‍ തടവുകാരെ അവിടെ പാര്‍പ്പിക്കുമെന്നുമാണ് ഞങ്ങളുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗൗരവത്തോടെയാണ് ഞാന്‍ കാണുന്നത്.” എന്ന് അദ്ദേഹം വ്യക്തമാക്കി. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള അവസരം ഒബാമയുടെ പ്രസിഡന്റ് കാലാവധി പൂര്‍ത്തിയായതോടെ ഇല്ലാതായിരിക്കുകയാണെന്നും നെവീന്‍ കൂട്ടിചേര്‍ത്തു.
2009ല്‍ ഒബാമ അധികാരമേല്‍ക്കുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ് ഗ്വാണ്ടനാമോ തടവറ അടച്ചു പൂട്ടുമെന്നുള്ളത്. എന്നാല്‍ റിപബ്ലിക്കുകളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പും തടവുകാരെ സ്വീകരിക്കുന്നതില്‍ സഖ്യരാഷ്ട്രങ്ങള്‍ സംശയിച്ചു നിന്നതും കാരണം എട്ടുവര്‍ഷം പ്രസിഡന്റ് പദത്തിലിരുന്നിട്ടും അദ്ദേഹത്തിനത് സാധിച്ചില്ല. നിലവില്‍ 41 തടവുകാരാണ് ഗ്വാണ്ടനാമോയില്‍ ഉള്ളത്.

Related Articles