Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ; ഒബാമയുടെ തീരുമാനത്തിനെതിരെ കടുത്ത ആക്രമണവുമായി ട്രംപ്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ട് തവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നിട്ടും ഒബാമക്ക് പ്രസ്തുത തീരുമാനം പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്. അവിടെ നിന്നും ഒബാമ മോചിപ്പിച്ച 122 പേര്‍ വീണ്ടും യുദ്ധമുഖത്തേക്ക് തന്നെ മടങ്ങിയിരിക്കുകയാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.  അങ്ങേയറ്റം അപകടകാരികളായ ആ ആളുകളെ ഒരു കാരണവശാലും യുദ്ധമുഖത്തേക്ക് മടങ്ങാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഗ്വാണ്ടനാമോ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് മുമ്പ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഗ്വാണ്ടനാമോ തടവറയില്‍ നിന്നും മോചിപ്പിക്കപ്പെട്ട 693 പേരില്‍ 122 പേര്‍ വീണ്ടും യുദ്ധമുഖത്തേക്ക് മടങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പ്രസ്തുത പ്രസ്താവനയുടെ ട്രംപ് പറഞ്ഞ കണക്കിന്റെ അടിസ്ഥാനം.
കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അല്‍ഖാഇദയെ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തില്‍ 2002-2009 കാലയളവില്‍ ഗ്വാണ്ടനാമോ തടവറയിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച്ച പെന്റഗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒബാമ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗ്വാണ്ടനാമോ തടവറ പൂട്ടുമെന്നും വിചാരണ കൂടാതെ തടവിലിടുന്നത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധികളും റിപബ്ലിക്കുകളുടെ ഭാഗത്തു നിന്നുള്ള ശക്തമായ എതിര്‍പ്പും കാരണം അദ്ദേഹത്തിനത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. എങ്കിലും തടവുകാരുടെ എണ്ണം 780ല്‍ നിന്ന് 59 ആയി ചുരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Related Articles