Current Date

Search
Close this search box.
Search
Close this search box.

ഗോവധം നിരോധിക്കാന്‍ ഉത്തര്‍പ്രദേശ് മദ്‌റസയുടെ പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍

ലഖ്‌നോ: ഗോവധം നിരോധിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് കാമ്പയിന്‍ നടത്തുന്നവരുടെ കൂട്ടത്തില്‍ ഉത്തര്‍പ്രദേശിലെ മദ്‌റസയും. ഇതിനായി പോസ്റ്റ് കാര്‍ഡ് കാമ്പയിനാണ് മദ്‌റസ നടത്തുന്നത്. ഗോവധത്തിന് പുറമെ പാല് നല്‍കുന്ന എല്ലാ മൃഗങ്ങളുടെയും കശാപ്പ് നിരോധിക്കണമെന്നാണ് മദ്‌റസ ആവശ്യപ്പെടുന്നത്. സംഭാലിലെ അലി ജാന്‍ ജംഇയ്യത്തുല്‍ മുസല്‍മാന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് കീഴിലുള്ള മൗലാനാ മുഹമ്മദലി ജൗഹര്‍ മദ്‌റസയാണ് ഇതിനായി പോസ്റ്റ്കാര്‍ഡ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
ഈ ആവശ്യം ഉയര്‍ത്തി കഴിഞ്ഞ ആറ് വര്‍ഷമായി മദ്‌റസ് പോസ്റ്റ്കാര്‍ഡ് കാമ്പയിന്‍ നടത്തുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മാംസ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക, രാജ്യത്തുടനീളം ഗോവധം നിരോധിക്കുകയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുകയും ചെയ്യുക, ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കാമ്പയിനിലൂടെ പ്രധാനമന്ത്രിക്ക് മുന്നില്‍ വെക്കുന്നത്. കശാപ്പ് നിര്‍ത്തുന്നില്ലെങ്കില്‍ വരും തലമുറക്ക് കുടിക്കാന്‍ ഒരു തരത്തിലുള്ള പാലും ലഭിക്കില്ലെന്നാണ് മദ്‌റസ മാനേജര്‍ ഫിറോസ് ഖാന്‍ പറയുന്നത്. ‘ഇന്ത്യയിലുടനീളം ഗോവധം നിരോധിക്കാനും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനും മോദിജിയോട് അപേക്ഷിച്ചു കൊണ്ട് ഞങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.’ എന്ന് അദ്ദേഹം പറഞ്ഞു. മദ്‌റസ ഭാരവാഹികള്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതുമായി ഏപ്രില്‍ എട്ടിന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles