Current Date

Search
Close this search box.
Search
Close this search box.

ഗൂതയിലെ കൂട്ടക്കുരുതി: ലണ്ടനില്‍ പ്രതിഷേധ റാലി

പാരിസ്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ നടക്കുന്ന കൂട്ടക്കുരുതികള്‍ക്കെതിരെ ലണ്ടനിലെ തെരുവുകളില്‍ പ്രതിഷേധ റാലി നടത്തി. നൂറുകണക്കിന് പേരാണ് വ്യാഴാഴ്ച ലണ്ടനില്‍ നടന്ന റാലിയില്‍ പങ്കാളികളായത്. ബ്രിട്ടീഷുകാരോടും അന്താരാഷ്ട്ര ജനതയോടും അസദ് സൈന്യത്തിന്റെ ഉപരോധത്തിനും നിരപരാധികളെ കൊന്നൊടുക്കുന്നതിനുമെതിരെ പ്രതികരിക്കാനും നടപടിയെടുക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രതിഷേധക്കാര്‍ ഒരുമിച്ചു കൂടിയതും റാലിക്ക് ആഹ്വാനം ചെയ്തതും. കടുത്ത തണുപ്പുള്ള കാലാവസ്ഥയിലും പ്രതികൂല കാലാവസ്ഥയെയും വകഞ്ഞുമാറ്റിയാണ് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയത്.
‘കെമിക്കല്‍ അസദ് രാജിവെക്കുക,ഗൂതയെ രക്ഷിക്കുക,ബോംബല്ല, ഭക്ഷണം നല്‍കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. സിറിയന്‍ സര്‍ക്കാരിനെതിരെയും അവരെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തണമെന്ന് എല്ലാ രാജ്യങ്ങളോടും അവര്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ ഗൂതയിലെ വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച വ്യോമാക്രമണങ്ങളില്‍ ഇതിനോടകം അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിനു മുകളിലായി. റഷ്യയുടെ സഹായത്തോടെ സിറിയന്‍ സൈന്യമാണ് പ്രദേശത്ത് കൂട്ടക്കുരുതി നടത്തുന്നത്. വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുഴുവനും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. യു.എന്നിന്റെ കണക്കുപ്രകാരം നാലു ലക്ഷം ആളുകളാണ് കിഴക്കന്‍ ഗൂതയിലുള്ളത്. ഇവിടുത്തെ പ്രധാന നഗരങ്ങളെല്ലാം 2013 മുതല്‍ സിറിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തിലാണ്. ഞായറാഴ്ച മുതല്‍ ശക്തമായ വ്യോമാക്രമണമാണ് ഇവിടെ സൈന്യം നടത്തുന്നത്.

 

Related Articles