Current Date

Search
Close this search box.
Search
Close this search box.

ഗൂതയിലെ കൂട്ടക്കുരുതി: യു.എന്‍ സുരക്ഷ സമിതി യോഗം റഷ്യ തടഞ്ഞു

മോസ്‌കോ: സിറിയയിലെ കിഴക്കന്‍ ഗൂതയിലെ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ വിളിച്ചുചേര്‍ക്കാനുദ്ദേശിച്ച യോഗം റഷ്യ ഇടപെട്ട് തടഞ്ഞതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് റഷ്യ യോഗത്തെ എതിര്‍ത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

‘മനുഷ്യാവകാശം എന്നത് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അജണ്ടയില്‍ ഇതു വരെ വരാത്ത ഒന്നാണ്, അതിനാല്‍ തന്നെ ഈ യോഗത്തില്‍ അതിന് യാതൊരു ന്യായീകരണവും കാണാന്‍ സാധിക്കില്ല’. യു.എന്നിലെ റഷ്യന്‍ പ്രതിനിധി ഗെന്നഡി കുസ്മിന്‍ പറഞ്ഞു.

സിറിയയില്‍ ബശ്ശാര്‍ അസദ് സൈന്യത്തെ പിന്തുണക്കുന്ന ഏറ്റവും വലിയ സൈനിക സഖ്യകക്ഷിയാണ് റഷ്യ. ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ആറ് അംഗ രാജ്യങ്ങളാണ് യു.എന്നില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടത്. എട്ടു അംഗരാജ്യങ്ങളാണ് യു.എന്നില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

സിറിയയിലെ കൂട്ടക്കുരുതിയും അവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളും സുരക്ഷ കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്നും സിറിയയിലേത് പ്രത്യേക പരിഗണനയുള്ള വിഷയമാണെന്നും ഈ രാജ്യങ്ങള്‍ പറഞ്ഞു. ചൈന,ബൊളീവിയ,കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളും യോഗം തടയണമെന്നാവശ്യപ്പെട്ട് റഷ്യയോടൊപ്പം ചേര്‍ന്നു.
ഫ്രാന്‍സിനെ കൂടാതെ യു.കെ,സ്വീഡന്‍,പോളണ്ട്,ഹോളണ്ട്,യു.എസ്,പെറു,കുവൈത്ത് എന്നീ രാജ്യങ്ങളാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന വാദത്തെ അനുകൂലിച്ചവര്‍.

 

Related Articles