Current Date

Search
Close this search box.
Search
Close this search box.

ഗുരുഗ്രാമില്‍ പരസ്യമായി നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: തുറസ്സായ സ്ഥലങ്ങളില്‍ പരസ്യമായി നമസ്‌കരിക്കുന്നതിനെതിരെ സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.  പൊതു ഇടങ്ങളില്‍ പരസ്യമായി നമസ്‌കരിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 30നാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.

കഴിഞ്ഞ 27ന് ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 53ല്‍ വെച്ച് നമസ്‌കരിച്ചവരെ ആറു പേര്‍ തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ഡെപ്യൂട്ടി കമ്മിഷണര്‍ വിനയ് പ്രതാപ് സിങിനും കത്ത് നല്‍കിയിട്ടുണ്ട്.

കമല നെഹ്‌റു പാര്‍ക്കില്‍ വച്ചായിരുന്നു ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. തുടര്‍ന്ന് മിനി സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. നമസ്‌കാരത്തിനായി ഒരുമിച്ചു കൂടിയ വിശ്വാസികള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചതായും ആരോപിക്കുന്നു.

എല്ലാ വെള്ളിയാഴ്ചയും വിശ്വാസികള്‍ ജുമുഅ നമസ്‌കാരത്തിനായി ഇവിടെ ഒരുമിച്ചു കൂടാറുണ്ട്. തുടര്‍ന്ന് ഒരു കൂട്ടം പേര്‍ വന്ന് വന്ദേ മാതരം,ജയ് ശ്രീ റാം വിളികളോടെ നമസ്‌കാരം തടസ്സപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി തങ്ങള്‍ ഇവിടെ നമസ്‌കാരത്തിനായി ഒരുമിച്ചു കൂടാറുണ്ടെന്നും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ് ചെയ്തതെന്നും നെഹ്‌റു യുവ സംഗാതന്‍ വെല്‍ഫെയര്‍ സൊസൈറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി വാജിദ് ഖാന്‍ പറഞ്ഞു.

ഞങ്ങള്‍ പരസ്പരം സംസാരിക്കാതെ പ്രാര്‍ത്ഥനയിലായിരുന്നു. പിന്നെ എങ്ങനെ മുദ്രാവാക്യം വിളിക്കും, തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു. ഇവര്‍ തന്നെയാണ് നമസ്‌കാരം തടസപ്പെടുത്തിയവര്‍ക്കെതിരെ പൊലിസില്‍ കേസ് കൊടുത്തതും. ഗുരുഗ്രാം ശിവസേനയും നമസ്‌കാരത്തിനെതിരെ രംഗത്തു വരികയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

 

Related Articles