Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ഉപരോധം ലംഘിക്കാന്‍ പുറപ്പെട്ട വനിതാ ആക്ടിവിസ്റ്റുകളെ തടഞ്ഞതില്‍ പ്രതിഷേധം

ഗസ്സ: ഗസ്സക്ക് മേല്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകളെയും വഹിച്ച് പുറപ്പെട്ട ‘സൈത്തൂന’ ബോട്ട് ഇസ്രയേല്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച ഗസ്സയില്‍ പലയിടത്തും മനുഷ്യവകാശ കൂട്ടായ്മകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. 13 പേരടങ്ങുന്ന സംഘത്തെ ഗസ്സ മുനമ്പില്‍ ഇസ്രയേല്‍ നാവികസേന തടഞ്ഞെങ്കിലും ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗസ്സ തീരത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഇസ്രയേല്‍ തടഞ്ഞത്.
നിയമനിര്‍മാണ സഭാ അംഗങ്ങളും വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകളുടെയും വനിതാ സംഘടനകളുടെയും പ്രതിനിധികളും ഗസ്സയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. ഇസ്രയേല്‍ നടപടിയെ കടല്‍കൊള്ളയെന്ന് വിശേഷിപ്പിച്ച അവര്‍ അതിലുള്ള തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഗസ്സക്ക് മേല്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം എടുത്തുകളയണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുറമുഖവും എയര്‍പോര്‍ട്ടും സ്ഥാപിക്കാനും തുറന്ന അതിര്‍ത്തിക്കുമുള്ള അവകാശം ഗസ്സയിലെ ഫലസ്തീനികള്‍ക്കും ഉണ്ടെന്ന് ഉപരോധത്തിനെതിരെയുള്ള ജനകീയ വേദി അധ്യക്ഷന്‍ ജമാല്‍ ഖുദ്‌രി പറഞ്ഞു. ബോട്ടിനെ തടഞ്ഞെങ്കിലും ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യത്തെ കുറിച്ച് അതിലെ ആക്ടിവിസ്റ്റുകള്‍ ഉയര്‍ത്തിയ സന്ദേശത്തെ തടയാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ലെന്നും പ്രതിഷേധ പ്രകടനക്കാര്‍ കൂട്ടിചേര്‍ത്തു.
1976-ല്‍ സമാധാനത്തിന് നോബേല്‍ നേടിയ മെയ്‌റഡ് മാഗ്വിര്‍ അടക്കമുള്ള പ്രമുഖരാണ് ‘സൈത്തൂന’ ബോട്ടില്‍ പുറപ്പെട്ട സംഘത്തിലുള്ളത്.  ‘നിയമാനുസൃതമായ കടല്‍ ഉപരോധം’ മറികടക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരെ എയര്‍പോര്‍ട്ടിലെ ജയിലിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ മധ്യ ഇസ്രായേലിലെ ‘ഗിവോണ്‍’ ജയിലില്‍  നാലു ദിവസത്തേക്ക് തടവിലിട്ടിരിക്കുകയാണ്.  ന്യൂസിലാന്‍ഡ് അഭിഭാഷക മരാമ ഡേവിസണ്‍, അള്‍ജീരിയന്‍ എം.പി സാമിറ ദയൂഫിയ, സ്വീഡിഷ് രാഷ്ട്രീയ നേതാവ് ജെന്നത്ത് എസ്‌കാനില്ല, മുന്‍ യു.എസ് സൈനിക കേണലും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥയുമായ ആന്‍ റൈറ്റ് എന്നിവരാണ് തടവിലായ മറ്റു വനിതകള്‍. ആസ്‌ട്രേലിയ, മലേഷ്യ, നോര്‍വേ, റഷ്യ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ബ്രിട്ടണ്‍  എന്നിവിടങ്ങളില്‍നിന്നും പ്രതിനിധികള്‍ ഉണ്ട്.

Related Articles