Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ഉപരോധം ലംഘിക്കാനുള്ള ബോട്ട് കോര്‍സിക്കയില്‍ എത്തി

പാരീസ്: ഫ്രീഡം ഫ്ലോട്ടില്ല-4ന്റെ ഭാഗമായി ഗസ്സക്ക് മേലുള്ള ഉപരോധം ലംഘിക്കുക എന്ന ഉദ്ദേശ്യത്തോടെ പുറപ്പെട്ട ‘ഗസ്സയിലേക്കുള്ള സ്ത്രീകളുടെ ബോട്ട്’ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയില്‍ എത്തി. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളെയും വഹിച്ചു കൊണ്ടുള്ള രണ്ട് ബോട്ടുകള്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ നിന്നാണ് പുറപ്പെട്ടത്. ‘സൈത്തൂന’ എന്ന പേരുള്ള കപ്പലാണ് കോര്‍സിക്ക ദ്വീപില്‍ എത്തിയിരിക്കുന്നതെന്ന് ഫ്ലോട്ടില്ല ടീം തങ്ങളുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. ചില സാങ്കേതിക തകരാറുകള്‍ കാരണം ബാര്‍സലോണയിലേക്ക് തന്നെ മടങ്ങിയ ‘അമല്‍’ എന്ന ബോട്ട് ഉടന്‍ സംഘത്തോടൊപ്പം എത്തിച്ചേരുമെന്നും വെബ്‌സൈറ്റ് സൂചിപ്പിച്ചു.
ഇസ്രയേല്‍ ഏര്‍പെടുത്തിയിരിക്കുന്ന ഉപരോധം കാരണം തുറന്ന ജയിലായി മാറിയിരിക്കുന്ന ഗസ്സാ നിവാസികളുടെ, വിശിഷ്യാ അവിടത്തെ സ്ത്രീകളുടെ ദുരിതം ലോകത്തെ അറിയിക്കലാണ് സംഘത്തിന്റെ ഉദ്ദേശ്യം. അഞ്ച് ഭൂഖണ്ഡങ്ങളിലെ ഒമ്പത് രാഷ്ട്രങ്ങളില്‍ നിന്നുള്ള 15 വനിതാ ആക്ടിവിസ്റ്റുകളാണ് രണ്ട് ബോട്ടുകളിലുമായി പുറപ്പെട്ടിട്ടുള്ളത്. ഗസ്സക്ക് മേലുള്ള ഉപരോധം ലംഘിക്കാനുള്ള ബോട്ടുകളുടെ നീക്കത്തെ കുറിച്ച് ഇതുവരെ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. 2015ല്‍ ഫ്രീഡം ഫ്ലോട്ടില്ല-3ന്റെ ഭാഗമായി ഗസ്സക്ക് മേലുള്ള ഉപരോധം ലംഘിക്കാന്‍ പുറപ്പെട്ട ‘മാരിയാന്‍’ ബോട്ട് ഇസ്രയേല്‍ തടഞ്ഞിരുന്നു.
2006 ജനുവരിയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഗസ്സയില്‍ ഹമാസ് വിജയിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ അതിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. പിന്നീട് 2007 ജൂണില്‍ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഗസ്സാ നിവാസികളില്‍ 80 ശതമാനവും സഹായങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവിടത്തെ ആകെ ജനസംഖ്യയുടെ 43 ശതമാനത്തോളം പേര്‍ തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്നവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related Articles