Current Date

Search
Close this search box.
Search
Close this search box.

ഗസ്സ-ഈജിപ്ത് അതിര്‍ത്തിയില്‍ തുരങ്കം തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയില്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് തുരങ്കം തകര്‍ന്ന് കാണാതായ നാല് പേര്‍ മരിച്ചതായി ഫലസ്തീന്‍ അധികൃതരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഒരാളുടേത് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ഖുദ്‌റ പറഞ്ഞു.
തുരങ്കത്തിലേക്ക് വെള്ളം ഇരച്ച് കയറിയതാണ് തുരങ്കം തകരാനും നാല് പേരുടെ മരണത്തിനും ഇടയാക്കിയത്. കഴിഞ്ഞ ഒരാഴ്ച്ചയായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവര്‍ ഫലസ്തീനികളാണെന്ന് ഹമാസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍അഖ്‌സ റേഡിയോ പറഞ്ഞു. പക്ഷെ പേരും മേല്‍വിലാസവും ഉറപ്പുവരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ നിരവധി ഫലസ്തീനികളാണ് തുരങ്കം തകര്‍ന്ന് കൊല്ലപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അബ്ദുല്‍ ഫത്താഹ് സീസിയുടെ ഈജിപ്ഷ്യന്‍ ഭരണകൂടം വേസ്റ്റ് വെള്ളവും കടല്‍ വെള്ളവും ഉപയോഗിച്ച് ഗസ്സയില്‍ നിന്നുള്ള തുരങ്കങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. സീസി അട്ടിമറിയിലൂടെ അധികാരത്തിലേറുന്നതിന് മുമ്പ് ഏകദേശം 1800 തുരങ്കങ്ങള്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നു. 2007 ജൂണില്‍ ഹമാസ് അധികാരത്തിലേറിയതിന് ശേഷം ഇസ്രായേലിന്റെ കടുത്ത ഉപരോധത്തില്‍ കഴിയുന്ന ഗസ്സയിലേക്ക് ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, ഡീസല്‍, വസ്ത്രങ്ങള്‍, വാഹനപാര്‍ട്ട്‌സുകള്‍ എന്നിവ കൊണ്ടുവന്നിരുന്നത് ഈ തുരങ്കങ്ങളിലൂടെയായിരുന്നു.

Related Articles