Current Date

Search
Close this search box.
Search
Close this search box.

ഗസ്സയെ മാറ്റിനിര്‍ത്തികൊണ്ടുള്ള തെരെഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: ഹമാസ്‌

ഗസ്സ: ഗസ്സയെ മാറ്റി നിര്‍ത്തികൊണ്ട് വെസ്റ്റ്ബാങ്കില്‍ മാത്രം തെരെഞ്ഞെടുപ്പ് നടത്താനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനം അസാധുവും ഭരണഘടനക്ക് നിരക്കാത്തതുമാണെന്ന് ഹമാസ്. ദേശീയ അനുരഞ്ജന ശ്രമങ്ങള്‍ക്കേറ്റ പ്രഹരമായിട്ടാണ് ഈ തീരുമാനത്തെ കാണുന്നതെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു. നാടിന്റെ സുപ്രധാനമായ ഒരു ഭാഗത്തെ മാറ്റി നിര്‍ത്തുന്നത് അപകടകരമായ തീരുമാനമാണെന്നും വിയോജിപ്പിന്റെ ആഴം വര്‍ധിപ്പിക്കുകയാണത് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് തെരെഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്ന ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ പ്രസ്താവന ഹമാസ് വക്താവ് നിഷേധിച്ചു. തെരെഞ്ഞെടുപ്പ് നടത്തുന്നതിനോട് കഴിഞ്ഞ വര്‍ഷം തന്നെ ഹമാസ് യോജിപ്പ് പ്രകടിപ്പിച്ചതാണെന്നും എന്നാല്‍ ഫലസ്തീന്‍ അതോറിറ്റി അതിന്റെ തിയ്യതി മാറ്റിക്കളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. തെരെഞ്ഞെടുപ്പ് ഫലസ്തീന്‍ ജനതയുടെ അവകാശമാണ്. എന്നാല്‍ ജനാധിപത്യാന്തരീക്ഷത്തിലല്ലാതെ അത് നടത്തുന്നതിന് ഹമാസ് എതിരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനാധിപത്യ രീതിയിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ 2005ല്‍ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ അംഗീകരിച്ച തെരെഞ്ഞെടുപ്പ് നിയമം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെസ്റ്റ്ബാങ്കില്‍ അടുത്ത മെയ് 13ന് തെരെഞ്ഞെടുപ്പ് നടക്കുമെന്നും ഹമാസ് അംഗീകരിക്കാത്തതിനാല്‍ ഗസ്സയില്‍ പിന്നീടായിരിക്കും തെരെഞ്ഞെടുപ്പെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏതൊരു ഗ്രൂപ്പിനും തെരെഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത് തടയാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles