Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഐക്യസര്‍ക്കാറിന് കൈമാറാന്‍ തയ്യാറാണെന്ന് ഹമാസ്

ഗസ്സ: ഗസ്സയിലെ മുഴുവന്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളും സംവിധാനങ്ങളും ഫലസ്തീന്‍ ദേശീയ ഐക്യസര്‍ക്കാറിന് കൈമാറാനുള്ള സന്നദ്ധത ഹമാസ് പ്രകടിപ്പിച്ചു. മുഴുവന്‍ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഐക്യസര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന ഉപാധിയോടെയായിരിക്കും അതെന്നും ഹമാസ് നേതാവ് ഇസ്മാഈല്‍ റിദ്‌വാന്‍ വ്യക്തമാക്കി.
ഹമാസ് ഗസ്സക്ക് മേലുള്ള ഉത്തരവാദിത്വം ഒഴിഞ്ഞ് സര്‍ക്കാറിനത് കൈമാറിയാല്‍ മാത്രമേ അവിടത്തെ വൈദ്യുതി പ്രതിസന്ധിക്ക് അടിസ്ഥാനപരമായ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം റാമല്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല പറഞ്ഞു. ഹമാസ് അവിടെ ഭരണം നടത്തുകയും നികുതികള്‍ പിരിക്കുകയും ചെയ്യുമ്പോള്‍ അവിടെ ജീവിക്കുന്ന ഫലസ്തീനികളുടെ മുഴുവന്‍ ആവശ്യങ്ങളും നിര്‍വഹിച്ചു കൊടുക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സ കഴിഞ്ഞ പത്ത് മാസത്തോളമായി കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ദിവസത്തില്‍ 12 മണിക്കൂറിലധികം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നു എന്നത് പ്രതിസന്ധിയുടെ ആഴത്തെയാണ് കുറിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ഫലസ്തീന്‍ ഐക്യസര്‍ക്കാറും ഹമാസും പരസ്പരം തിങ്കളാഴ്ച്ച ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറും തുര്‍ക്കിയും ഗസ്സക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles