Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് മേല്‍ ഉപരോധം തുടരുന്നത് ആക്രമണങ്ങളിലേക്ക് നയിക്കും: ബാന്‍ കി മൂണ്‍

ഗസ്സ: ഇസ്രയേല്‍ ഗസ്സക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ കൂട്ടശിക്ഷയെന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഉപരോധത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഗസ്സയിലെ യുനര്‍വക്ക് (UNRWA) കീഴിലുള്ള സ്‌കൂളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. അവിടത്തെ ജനതയെ ഞെരുക്കുകയും സാമ്പത്തിക രംഗത്തെ തകര്‍ക്കുകയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഉപരോധം തുടരുന്നത് ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉപരോധം കൂട്ടശിക്ഷയാണെന്നും അതിനുത്തരവാദികളായവര്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ടെന്നും മൂണ്‍ പറഞ്ഞു. ഇസ്രയേലിനോടൊപ്പം സമാധാനത്തോടെ നിലകൊള്ളുന്ന ജനാധിപത്യവും അന്തസ്സുമുള്ള ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗസ്സന്‍ ജനതയിലെ 70 ശതമാനം ആളുകള്‍ സഹായം ആവശ്യമുള്ളവരാണ്. ഗസ്സയിലെ പകുതിയോളം യുവാക്കള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരായിട്ടാണ് ജീവിക്കുന്നതെന്നും അവിടത്തെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ഉയര്‍ന്ന നിരക്കിലേക്ക് സൂചന നല്‍കിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ നാലാം തവണയാണ് മൂണ്‍ ഗസ്സ സന്ദര്‍ശിക്കുന്നത്. തുര്‍ക്കിയുമായി ബന്ധം പുനസ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഗസ്സക്ക് മേലുള്ള സമുദ്ര ഉപരോധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2006 മുതല്‍ ഗസ്സ കടുത്ത ഉപരോധത്തിലാണ് കഴിയുന്നത്.

Related Articles