Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് ചുറ്റും കോണ്‍ക്രീറ്റ് മതില്‍ തീര്‍ക്കാന്‍ ഇസ്രയേല്‍ നീക്കം

തെല്‍അവീവ്: ഗസ്സക്ക് ചുറ്റും ശക്തമായ കോണ്‍ക്രീറ്റ് മതില്‍ തീര്‍ക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ശ്രമിക്കുന്നു. തുരങ്കങ്ങളുണ്ടാക്കുന്നത് തടയുന്നതിനായി ഭൂമിക്കടിയിലേക്ക് പത്ത് മീറ്റര്‍ താഴ്ച്ചയിലും അത്ര തന്നെ ഉയരം മുകളിലേക്കുമുള്ള കൂറ്റന്‍ മതില്‍ നിര്‍മിക്കാനാണ് നീക്കം. ഗസ്സയുടെ സമീപത്തുള്ള ഇസ്രയേല്‍ പ്രദേശങ്ങളില്‍ തുരങ്കങ്ങള്‍ വഴി എത്തി ആക്രമണങ്ങള്‍ നടത്തുന്നത് തടയാന്‍ മതില്‍ നിര്‍മിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം കരുതുന്നത്.
അറുപത് കിലോമീറ്ററോളം നീളത്തില്‍ നിര്‍മിക്കപ്പെടുന്ന മതിലിന്റെ നിര്‍മാണത്തിന് 50 കോടി ഡോളര്‍ ചെലവു വരുമെന്നാണ് കണക്കാക്കുന്നതെന്ന് യെദിയോത്ത് അഹരനോത്ത് പത്രത്തിന്റെ റിപോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നിര്‍മിക്കുന്ന മൂന്നാമത്തെ പ്രതിരോധ സംവിധാനമായിരിക്കുമിതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
1994ല്‍ ആയിരുന്നു ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ആദ്യമായി പ്രതിരോധത്തിനായി 60 കിലോമീറ്റര്‍ നീളത്തില്‍ മതില്‍ നിര്‍മിച്ചത്. പിന്നീട് 2005ല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈനികര്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയതിന് ശേഷം മറ്റൊരു സംവിധാനം ഒരുക്കി. എന്നാല്‍ തുരങ്കങ്ങളുണ്ടാക്കുന്ന അപകടത്തിന് പരിഹാരമാവാന്‍ ഇവ രണ്ടിനും സാധിച്ചില്ല. പുതിയ മതില്‍ നിര്‍മാണത്തിനുള്ള അംഗീകാരം എന്നാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ലഭിക്കുകയെന്ന് വ്യക്തമല്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Related Articles